കൊച്ചി: പൊലീസിനെതിരെ ഗുരുതര പരാതിയുമായി അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ. താൻ ഇല്ലാതിരുന്ന നേരത്ത് പൊലീസ് വീട്ടിൽ അതിക്രമിച്ചു കയറിയെന്നാണ് പരാതി. വീട്ടിൽ നിന്നും പത്ത് പവൻ സ്വർണവും സൈമൺ ബ്രിട്ടോയുടെ പുരസ്കാരങ്ങളും കാണാനില്ലെന്നും പരാതിയിൽ പറയുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് സീന രേഖമൂലം പരാതി നൽകിയത്.
ഞാറയ്ക്കൽ പൊലീസിലെ ഒരു സംഘമാണെന്ന് പറഞ്ഞാണ് പൊലീസ് വീട് കുത്തിത്തുറന്നുവെന്നും സീന പറയുന്നു. അയൽവാസി കൂടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സീന പരാതി നൽകിയത്. ഇവരുടെ എറണാകുളം വടുതലയിലെ വീട്ടിലാണ് പൊലീസ് സംഘം അതിക്രമിച്ച് കയറിയത്. കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നുവെന്ന പേരിൽ എത്തിയ സംഘം വീട് കുത്തിത്തുറന്നുവെന്നാണ് പരാതി. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെയും സീനയുടെയും പത്ത് പവനോളം വരുന്ന ആഭരണങ്ങളും കാണാതായെന്നാണ് പരാതിയിൽ പറയുന്നത്.