വ്യവസായ വകുപ്പിന് കീഴിലുള്ള ഭൂമിയെച്ചൊല്ലി സ്ഥാപനങ്ങൾ തമ്മിൽ തർക്കം. റൂട്രോണിക്സും ഖാദിബോർഡും തമ്മിലാണ് തലസ്ഥാനത്തുള്ള 28 സെന്റിനെച്ചൊല്ലി തർക്കമുണ്ടായത്. ആസ്ഥാന മന്ദിരം നിർമ്മിക്കാൻ സ്ഥലം വിട്ടു നൽകണമെന്നായിരുന്നു രണ്ടു സ്ഥാപനങ്ങളുടേയും ആവശ്യം. തർക്കമുണ്ടായതോടെ ഇരു സ്ഥാപനങ്ങൾക്കും ഭൂമി നൽകേണ്ടെന്നും വ്യവസായ വകുപ്പിന് കീഴിൽ ഇൻഡസ്ട്രീസ് എൻക്ലേവ് എന്ന പേരിൽ ഓഫീസ് സമുച്ചയം നിർമ്മിക്കാനും വ്യവസായ വകുപ്പ് തീരുമാനിച്ചു.
ഖാദി ബോർഡ് ചെയർമാൻ കൂടിയായ വ്യവസായ വകുപ്പ് മന്ത്രിയുടെ പേരിൽ ആധാരം നടത്തിയിട്ടുള്ള തിരുവനന്തപുരത്തെ അമ്പലമുക്കിലെ 28 സെന്റിനു വേണ്ടിയാണ് രണ്ടു സ്ഥാപനങ്ങൾ തമ്മിൽ തർക്കമുണ്ടായത്. ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിന് വേണ്ടിയാണ് റൂട്രോണിക്സ് ഭൂമി ആവശ്യപ്പെട്ടത്. 12000 ചതുരശ്ര അടിയുളള ഇരുനില കെട്ടിടം പണിയാൻ ഏഴുകോടിയോളം രൂപ ചെലവ് വരും. ഈ തുക റൂട്രോണിക്സ് വഹിക്കാമെന്നും അഞ്ചു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നും ഇതിനുള്ള അനുമതി നൽകണമെന്നുമായിരുന്നു റൂട്രോണിക്സിന്റെ ആവശ്യം.
എന്നാൽ ഖാദി ബോർഡ് ഇതിനെ എതിർത്തു. സർക്കാർ പദ്ധതി വിഹിതത്തിൽ അനുവദിച്ച ഗ്രാന്റ് ഉപയോഗിച്ച് ഖാദി ബോർഡിനു വേണ്ടി ഖാദിബോർഡ് ചെയർമാൻ കൂടിയായ വ്യവസായ മന്ത്രിയുടെ പേരിൽ വാങ്ങിയതാണെന്ന് ഖാദി ബോർഡ് സെക്രട്ടറി വ്യക്തമാക്കി. കൂടാതെ ഭൂമിയിൽ ഖാദി ബോർഡ് ബഹുനില കെട്ടിടം സ്വന്തമായി പണിതാൽ വാടകക്കെട്ടിടത്തിൽ നിന്നും ജില്ലാ ഓഫീസും വിൽപ്പനശാലയും ഇതിലേക്ക് മാറ്റാം. ഇതിലൂടെ ബോർഡിന്റെ വടകയിനത്തിലെ ചെലവ് ഒഴിവാക്കാനാകും. തുടർന്നാണ് ഇരു കൂട്ടരും തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ആർക്കും ഭൂമി വിട്ടുകൊടുക്കേണ്ടെന്ന് വ്യവസായ വകുപ്പ് തീരുമാനിച്ചത്. ഇവിടെ ഇൻഡസ്ട്രീസ് എൻക്ലേവ് എന്ന പേരിൽ ഓഫീസ് സമുച്ചയം നിർമ്മിക്കാൻ കിൻഫ്രയെ ചുമതലപ്പെടുത്തി ഉത്തരവിറക്കി.