ട്വന്റി 20 ലോകകപ്പിൽ ദയനീയ പ്രകടനവുമായി ഇന്ത്യൻ ടീം നിരാശപ്പെടുത്തുന്ന അവസരത്തിൽ ഇന്ത്യൻ ടീമിലെ സൂപ്പർ താരമായ യുവരാജ് സിംഗ് ടീമിലേക്ക് തിരിച്ചെത്തുന്നു. 2022 ഫെബ്രുവരിയിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചനയാണ് യുവി നൽകിയിരിക്കുന്നത്.
2017ൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ 150 റൺസ് നേടിയതിന്‍റെ വിഡിയോ പങ്കുവെച്ചാണ്കളിക്കളത്തിലേക്ക് മടങ്ങിവരുന്ന കാര്യം യുവി അറിയിച്ചത്.
‘ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്. പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഞാൻ ഫെബ്രുവരിയിൽ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു വല്ലാത്ത അനുഭവമാണ്. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി. നമ്മുടെ ടീമിനെ പിന്തുണക്കുന്നത് തുടരുക. ഒരു യഥാർത്ഥ ആരാധകൻ പ്രയാസകരമായ സമയങ്ങളിലും അവരുടെ പിന്തുണ ഉറപ്പാക്കും’ – ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വിഡിയോക്ക് അടിയിൽ യുവരാജ് കുറിച്ചു
കളിക്കളത്തിലേക്ക് മടങ്ങിവരികയാണെന്ന് കാണിച്ചുള്ള യുവാരജിന്‍റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്‍റ് ചെയ്തിട്ടുള്ളത്. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരണമെന്ന് പലരും ആവശ്യപ്പെട്ടു. യു.എ.ഇയിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽ രണ്ട് മത്സരങ്ങളിൽ തോറ്റ് ടൂർണമെന്‍റിൽനിന്ന് പുറത്താകലിന് വക്കിലുള്ള ഇന്ത്യൻ ടീമിനെ രക്ഷിക്കാൻ യുവരാജ് സിങിന്റെ മടങ്ങി വരവ് അനിവാര്യമാണെന്ന് പലരും കുറിച്ചു .
.
2000ൽ നെയ്‌റോബിയിൽ നടന്ന ഐ.സി.സി നോക്കൗട്ട് ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച യുവരാജ് 17 വർഷത്തോളം ഇന്ത്യക്കായി കളിച്ചു. 2011ലെ ലോകകപ്പിൽ ഇന്ത്യ ചാമ്പ്യൻമാരായപ്പോൾ മാൻ ഓഫ് ദ ടൂർണമെന്‍റ് അവാർഡ് യുവരാജ് സിങ്ങിനായിരുന്നു. കാൻസർ ബാധിതനായിരുന്ന ഇദ്ദേഹം രോഗത്തെ ബൗണ്ടറി കടത്തിയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. 40 ടെസ്റ്റുകളിലും 304 ഏകദിനങ്ങളിലും 58 ട്വന്‍റി20കളിലുമായി 17 സെഞ്ചുറികളും 71 അർധസെഞ്ചുറികളും സഹിതം 11,000 റൺസ് തികച്ചിട്ടുണ്ട് താരം. 39കാരനായ യുവരാജ് 148 വിക്കറ്റും വീഴ്ത്തി.
2017 ജൂൺ 30ന് വെസ്റ്റ് ഇൻഡീസിനെതിരെ നോർത്ത് സൗണ്ടിൽ നടന്ന ഏകദിനത്തിലാണ് അവസാനമായി രാജ്യത്തിന് വേണ്ടി കളിച്ചത്. പിന്നീട് 2019ൽ ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.