Sports

സൂപ്പർ ലീഗ് കേരള; ഇഞ്ചുറി ടൈം ഗോളിൽ കാലിക്കറ്റിന് ജയം

കോഴിക്കോട്: സംഗീതത്തിന്റെ മധുരമഴയിൽ വർണ്ണവിസ്മയങ്ങളുടെ മായാജാലം വിരിഞ്ഞ രാവിൽ സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് ആവേശ കിക്കോഫ്. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കാലിക്കറ്റ്‌ എഫ്സി ഫോഴ്‌സ കൊച്ചിയെ തോൽപ്പിച്ചു (2-1). പകരമെത്തിയ അരുൺ കുമാറാണ് ഇഞ്ചുറി ടൈമിൽ
കാലിക്കറ്റിന്റെ വിജയഗോൾ നേടിയത്.

ഇരു ടീമുകളും ശ്രദ്ധയോടെ തുടങ്ങിയ മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ അപ്രതീക്ഷിതമായി കാലിക്കറ്റ്‌ എഫ്സി ലീഡ് നേടി. ഇടതുവിങിലൂടെ പെനാൽറ്റി ബോക്സിലേക്ക് കയറിയ റിയാസിനെ ഫോഴ്‌സ കൊച്ചിയുടെ അജിൻ ഫൗൾ ചെയ്തുവീഴ്ത്തി. റഫറി വെങ്കിടേഷ് പെനാൽറ്റിക്ക് വിസിലൂതി. കിക്കെടുത്ത സെബാസ്റ്റ്യൻ റിങ്കോൺ ലുകാമിക്ക് പിഴച്ചില്ല. സൂപ്പർ ലീഗ് കേരള സീസൺ രണ്ടിലെ ആദ്യ ഗോൾ കൊളമ്പിയക്കാരൻ സ്വന്തമാക്കി. ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ ഫോഴ്‌സ കൊച്ചി ആക്രമണം ശക്തമാക്കി. ഡഗ്ലസ് റോസയും നിജോ ഗിൽബർട്ടും നടത്തിയ ലോങ്ങ്‌ റേഞ്ച് ശ്രമങ്ങൾ ഫലം കാണാതെ പോയി.

മുപ്പതാം മിനിറ്റിൽ കൊച്ചിക്ക് മികച്ച അവസരം കൈവന്നു. എന്നാൽ ഡഗ്ലസ് റോസ ഷോട്ട് പായിക്കാൻ വൈകിയപ്പോൾ കാലിക്കറ്റ്‌ ഡിഫണ്ടർ പന്ത് രക്ഷിച്ചെടുത്തു. വലതുവിങിലൂടെ കാലിക്കറ്റ്‌ എഫ്സിക്കായി പ്രശാന്ത് മോഹൻ നടത്തിയ മുന്നേറ്റങ്ങൾ കാണികളുടെ കൈയ്യടി നേടി. മുപ്പത്തിയൊൻപതാം മിനിറ്റിൽ ഫോഴ്‌സ കൊച്ചി സുവർണാവസരം നഷ്ടമാക്കി. നിജോ ഗിൽബെർട്ട് എടുത്ത കോർണർ കിക്ക് തട്ടിയിട്ടാൽ ഗോളാവുമായിരുന്നു. കൃത്യസ്ഥാനത്ത് നിന്നിരുന്ന ഗിഫ്റ്റിക്ക് പക്ഷെ പന്ത് തൊടാനായില്ല. ആദ്യപകുതി കാലിക്കറ്റിന്റെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങളുമായാണ് കാലിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തിയത്. ജോനാഥൻ നാഹുവൽ, മനോജ്‌ എന്നിവരാണ് പകരക്കാരായി വന്നത്.
അൻപത്തിയേഴാം മിനിറ്റിൽ കൊച്ചിയും രണ്ട് മാറ്റങ്ങൾ വരുത്തി. റിൻറെയ്ത്താൻ ഷെയ്സ, സംഗീത് സതീഷ് എന്നിവരാണ് എത്തിയത്. തൊട്ടടുത്ത മിനിറ്റിൽ കാലിക്കറ്റ്‌ താരം റിയാസ് പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് ജഗന്നാഥ്.

അറുപത്തിയഞ്ചാം മിനിറ്റിൽ ഇടതു പാർശ്വത്തിൽ നിന്ന് കൊച്ചിയുടെ നിജോ ഗിൽബെർട്ട് നൽകിയ സുന്ദരമായ ക്രോസ്സിന് ഡഗ്ലസ് റോസ തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.
എൺപത്തിയൊന്നാം മിനിറ്റിൽ നിജോ ഗിൽബെർട്ട് എടുത്ത വളഞ്ഞിറങ്ങിയ ഫ്രീകിക്ക് പോസ്റ്റിന്റെ മൂലയിലേക്ക് ചാടിയുയർന്ന്‌ കാലിക്കറ്റ്‌ ഗോൾ കീപ്പർ ഹജ്മൽ രക്ഷപ്പെടുത്തി.
ഗോൾ മടക്കാനുള്ള നിജോ ഗിൽബർട്ടിന്റെ ഒറ്റയാൾ പോരാട്ടത്തിന് എൺപത്തിയെട്ടാം മിനിറ്റിൽ ഫലം വന്നു. പകരക്കാരനായി എത്തിയ സംഗീത് നൽകിയ ക്രോസിൽ ഡഗ്ലസ് റോസയുടെ ഹെഡ്ഡർ ഗോൾ (1-1).
ഇഞ്ചുറി ടൈമിൽ കാലിക്കറ്റ്‌ വിജയഗോൾ നേടി. പ്രശാന്ത് മോഹൻ വലതുഭാഗത്ത് നിന്ന് നൽകിയ ക്രോസ്സ് അരുൺ കുമാർ കൊച്ചിയുടെ വലയിലേക്ക് തിരിച്ചുവിട്ടു (2-1). മാൻ ഓഫ് ദി മാച്ചായി അരുൺ കുമാറിന്റെ തിരഞ്ഞെടുത്തു.

തൃശൂർ മലപ്പുറം കോട്ടയിൽ

ഇന്ന് (ഒക്ടോബർ 3) നടക്കുന്ന മത്സരത്തിൽ മലപ്പുറം എഫ്സി തൃശൂർ മാജിക് എഫ്സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. മികച്ച ആരാധക പിന്തുണയും വമ്പൻ താരനിരയും ഉണ്ടായിരുന്നിട്ടും ആദ്യ സീസണിൽ സെമി കാണാതെ പുറത്തായ മലപ്പുറം ഇത്തവണ ഒരുങ്ങിത്തന്നെയാണ് വരുന്നത്.

മിഗ്വേൽ കോറൽ ടൊറൈറയെന്ന യുവ സ്‌പാനിഷ് പരിശീലകന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന മലപ്പുറം എഫ്സിയിൽ അജ്മൽ, അബ്ദുൽ ഹക്കു, സച്ചിൻ ദേവ്, ഗനി നിഗം, ഫസലുറഹ്‌മാൻ, അക്ബർ സിദ്ധീഖ്, റിഷാദ് ഗഫൂർ, പി എ അഭിജിത്ത് തുടങ്ങിയ മികച്ച മലയാളി താരങ്ങളുണ്ട്. വിദേശക്കരുത്തിലും മലപ്പുറം എഫ്സി ഏറെ മുന്നിലാണ്. ഫക്കുണ്ടോ ബല്ലാർഡോ (അർജന്റീന), കൊമ്രോൺ തുർസുനോവ് (താജികിസ്ഥാൻ), എയ്റ്റർ അൽദാലൂർ (സ്പെയിൻ), റോയ് കൃഷ്ണ (ഫിജി), ജോൺ കെന്നഡി (ബ്രസീൽ) എന്നിവരെല്ലാം രാജ്യാന്തര മികവുള്ളവരാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ അനുഭവസമ്പത്തുള്ള റഷ്യന്‍ കോച്ച് ആന്ദ്രെ ചെര്‍ണിഷോവാണ് ഇത്തവണ തൃശൂർ മാജിക് എഫ്സിയെ ഒരുക്കുന്നത്. ബ്രസീലിയൻ മെയിൽസൻ ആൽവേസ്, ട്രിനിഡാഡുകാരൻ മാർക്കസ് ജോസഫ്, ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണി, ലെനി റോഡ്രിഗസ് തുടങ്ങിയ പരിചയസമ്പന്നരിലാണ് തൃശൂരിന്റെ പ്രതീക്ഷ.

കഴിഞ്ഞ തവണ സെമി ഫൈനൽ കാണാതെ പുറത്തുപോകേണ്ടി വന്ന രണ്ട് ടീമുകൾ പുതിയ സ്വപ്നങ്ങളുമായി ഇന്ന് ബൂട്ടുകെട്ടുമ്പോൾ തീപാറും പോരാട്ടത്തിനാവും പയ്യനാട് സ്റ്റേഡിയം സാക്ഷിയാവുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!