അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയിൽപ്പെട്ട് പോത്തുകുട്ടി ചത്തു. വെറ്റിലപ്പാറ സ്വദേശി
കൈതവളപ്പിൽ അശോകന്റെ പോത്തുകുട്ടിയാണ് ചത്തത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ ഇലക്ട്രിക് പെൻസിൽ ചവിട്ടി പൊളിച്ച് എത്തുന്ന കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത് വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടാക്കുകയാണ്. കാട്ടാനകൾ പല സംഘങ്ങളായും ഒറ്റക്കും വെറ്റിലപ്പാറയുടെ വിവിധ പ്രദേശങ്ങളിൽ നിരവധി നാശനഷ്ടങ്ങളാണ് ദിനംപ്രതി ഉണ്ടാക്കുന്നത്.
അതിരപ്പിള്ളിയിൽ വിവിധ ഭാഗങ്ങളിൽ കാട്ടാന ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങലിൽ ദമ്പതികളും ലോട്ടറി കച്ചവടക്കാരനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെ വെറ്റിലപ്പാറ പൊലീസ് സ്റ്റേഷനു സമീപമുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സന്ധ്യയ്ക്കു വിളക്കു കൊളുത്താൻ എത്തിയ കൈതവളപ്പിൽ ശശിയും ഭാര്യ ശാരദയുമാണ് ആനയുടെ മുൻപിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
പുഴ കടന്നാണ് കാട്ടാന ക്ഷേത്രത്തിന് സമീപം എത്തിയത്. മതിൽ കെട്ടിനടുത്ത് ആനയെത്തിയ വിവരം ഇതുവഴി വന്ന യാത്രക്കാർ വിളിച്ച് പറഞ്ഞതോടെയാണ് ക്ഷേത്രത്തിനകത്ത് നിന്നവർ അറിഞ്ഞത്. ഇതോടെ മതിലിനു പിൻഭാഗത്തുള്ള കവാടത്തിലൂടെ ദമ്പതികൾ ഓടി രക്ഷപ്പെട്ടു. പുളിയിലപ്പാറ മേഖലയിൽ വച്ച് ലോട്ടറി കച്ചവടക്കാരനു നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായി. കച്ചവടം കഴിഞ്ഞ് അതിരപ്പിള്ളി ഭാഗത്തേക്കു വരികയായിരുന്ന കൂട്ടാലപറമ്പിൽ ജസ്റ്റിനാണ് ആനയുടെ മുൻപിലകപ്പെട്ടത്. പാഞ്ഞടുത്ത ആനയുടെ ആക്രമണത്തിൽ നിന്നും സ്കൂട്ടർ ഉപേക്ഷിച്ച് ഇയ്യാൾ ഓടി രക്ഷപ്പെട്ടു.