കോഴിക്കോട്: നവീകരിച്ച സൗത്ത് ബീച്ചില്‍ കടല്‍പാലം വീണ് 13 പേര്‍ക്ക് പരിക്കേറ്റു. സുമേഷ്(29), എല്‍ദോ(23), റിയാസ്(25), അനസ്(25), ശില്‍പ(24), ജിബീഷ്(29), അഷര്‍(24), സ്വരാജ്(22), ഫാസില്‍(21), റംഷാദ്(27), ഫാസില്‍(24), അബ്ദുള്‍ അലി(35), ഇജാസ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു സംഭവം. ബീച്ചിലെത്തിയ ഇവര്‍ കടല്‍പാലത്തിന് മുകളില്‍ കയറിയതായിരുന്നു. ഈ സമയത്ത് പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ശില്‍പയുടെ തലയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കെല്ലാം നിസാര പരിക്കാണ്. പരിക്കേറ്റവര്‍ ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ചാണ് ഇവര്‍ പാലത്തിന് മുകളില്‍ കയറിയിരുന്നത്. വൈകുന്നേരങ്ങളില്‍ പാലത്തിനടിയില്‍ ആളുകള്‍ ഇരിക്കാറുണ്ടെന്ന് ദൃക്ഷസാക്ഷികള്‍ പറഞ്ഞു. പലരും ഫോട്ടോ എടുക്കാനായും മറ്റും കയറുന്നത് പതിവാണ്.
തുരുമ്പെടുത്ത് ദ്രവിച്ചതായിരുന്നു ഈ പാലത്തിന്റെ തൂണുകളെല്ലാം. തൂണുകളുടെ അടിയിലെ കോണ്‍ക്രീറ്റ് ഭാഗങ്ങളെല്ലാം പുറത്തെത്തിയ നിലയിലായിരുന്നു. കരയില്‍ നിന്ന് ഏകദേശം 250 മീറ്റര്‍ നീളത്തിലായിരുന്നു കടല്‍പാലം ഉണ്ടായിരുന്നത്. ഓരോ വര്‍ഷം കഴിയുമ്പോഴും പാലം കൂടുതല്‍ അപകടത്തിലേക്ക് മാറുകയായിരുന്നു.