സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കി പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്. തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായത് കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമില്‍ നിന്നാണെന്ന് ഗീതു പറഞ്ഞു. ‘ഗര്‍ഭിണിയെന്ന് പറയപ്പെടുന്ന ജെയ്കിന്റെ ഭാര്യയെ വിട്ടുവോട്ട് പിടിക്കുന്നുവെന്നരീതിയിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഒന്‍പതുമാസം ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല’- ഗീതു മാധ്യമങ്ങളോട് പറഞ്ഞു.ഗീതുവിനെതിരായ സൈബര്‍ ആക്രമണം മ്ലേച്ഛമെന്ന് ജെയ്ക് പ്രതികരിച്ചിരുന്നു. ഗീതു തനിക്ക് പരിചയമുള്ള ചിലയിടങ്ങളില്‍ പോയി വോട്ടഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിലാണ് സൈബര്‍ അധിക്ഷേപം നടക്കുന്നതെന്നും ജെയ്ക്ക് പറഞ്ഞു.