പടിഞ്ഞാറന്‍ ഓസ്‌ട്രേലിയിലെ ജൂരിയന്‍ ബേയ്ക്കടുത്ത് കടല്‍ തീരത്തടിഞ്ഞ് പിഎസ്എല്‍വി റോക്കറ്റ് അവശിഷ്ടം.അവശിഷ്ടം അടിഞ്ഞതിനെ തുടർന്ന് ഏതോ രാജ്യം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗമാണിതെന്ന സംശയം അന്നേ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ അജ്ഞാതവസ്തു എന്താണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐ.എസ്.ആർ.ഒ.) വിക്ഷേപിച്ച പിഎസ്എല്‍വി റോക്കറ്റിന്റെ മൂന്നാം സ്‌റ്റേജിന്റെ ഭാഗമാണിതെന്നാണ് തിങ്കളാഴ്ച ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി സ്ഥിരീകരിച്ചത്.
ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയുടെ കൈവശാണ് ഇപ്പോള്‍ ഈ റോക്കറ്റ് അവശിഷ്ടമുള്ളത്. തുടര്‍ നടപടികള്‍ക്കായി ഐ.എസ്.ആർ.ഒയുമായി സംസാരിച്ചുവരികയാണെന്നും എ.എസ്എ. പറഞ്ഞു.
ഇന്ത്യയുടെ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ തീരത്ത് ഈ അവശിഷ്ടം കണ്ടെത്തിയത്. ഐ.എസ്.ആർ.ഒയുടെ റോക്കറ്റ് ഭാഗമാണിതെന്ന സംശയം അന്നുണ്ടായിരുന്നു. എന്നാല്‍, ഈ വസ്തു പരിശോധിക്കാതെ തങ്ങളുടേതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നായിരുന്നു അന്ന് ഐ.എസ്.ആർ.ഒയുടെ പ്രതികരണം. അതേസമയം, ഇത് ചന്ദ്രയാന്‍ 3 റോക്കറ്റിന്റെ ഭാഗമല്ലെന്ന് അന്ന് തന്നെ വിലയിരുത്തപ്പെട്ടിരുന്നു.