മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ മുനീറിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം നേതാവ് പി. ജയരാജന്.വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ പുതിയ വസ്ത്രത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നതിന് വേണ്ടി ആദരണീയനായ കേരള മുഖ്യമന്ത്രിയെയും അദ്ധേഹത്തിൻ്റെ ഭാര്യയെയും ഉൾപ്പെടുത്തി താങ്കൾ നടത്തിയ പരിഹാസം ഇരിക്കുന്ന പദവികൾക്ക് യോജിച്ചതല്ല.താങ്കൾ ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാൽ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാൽ ശാസ്ത്രബോധം മുനീറിനില്ലെന്നും ജയരാജൻ പറഞ്ഞു.
ശാസ്ത്രം, മനുഷ്യരാശിയുടെ അറിവിൻ്റെ മേഖല അതിവേഗം വിപുലപ്പെടുത്തിക്കൊണ്ടിരിക്കയാണ്. അതിൻ്റെ നേട്ടങ്ങൾ എല്ലാവരും അനുഭവിക്കുന്നുമുണ്ട്. എന്നാൽ അത്തരക്കാരിൽ ചിലർ തന്നെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കെതിര് നിന്നാൽ നമുക്ക് അമ്പരപ്പുണ്ടാവും. അത്തരമൊമ്പരപ്പാണ് ആൺകുട്ടികളും പെൺകുട്ടികളും ഒരേ വസ്ത്രം ധരിക്കുന്നതിനെ പരിഹസിച്ചു കൊണ്ട് ലീഗ് നേതാവ് എം.കെ. മുനീർ നടത്തിയ അഭിപ്രായ പ്രകടനവും സൃഷ്ടിച്ചത്.
ഇവിടെ ഡോ. എം.കെ. മുനീർ എന്ന് വിശേഷിപ്പിക്കാത്തത് ബോധപൂർവ്വമാണ്. ആരോഗ്യ ശാസ്ത്രത്തിൽ ഡോക്ടർ ബിരുദമുള്ളയാളാണ് മുനീർ. ആരോഗ്യ മേഖലയിലും പുതിയ അറിവുകളെ അടിസ്ഥാനപ്പെടുത്തി ചികിത്സാ രീതികളിൽ വൻ കുതിച്ച് ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റോബോട്ടുകൾ ശസ്ത്രക്രിയ നടത്തുന്ന കാലം. ഈ മാറ്റങ്ങളൊന്നും മുനീർ അംഗീകരിക്കുന്നില്ലേ? മുനീർ അംഗീകരിച്ചാലുമില്ലെങ്കിലും എല്ലാം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു.
ഒരു കാലത്ത് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നു. അതിലെല്ലാം മാറ്റം വരുത്താനുള്ള ഇടപെടലാണ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. മത വിദ്യാഭ്യാസം മാത്രം മതിയെന്നും പൊതു വിദ്യഭ്യാസം വേണ്ടെന്നും പഠിപ്പിച്ചവരെ തിരുത്തിയാണ് ഇന്നത്തെ നിലയിലേക്ക് വന്നത്. വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ പുതിയ വസ്ത്രത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നതിന് വേണ്ടി ആദരണീയനായ കേരള മുഖ്യമന്ത്രിയെയും അദ്ധേഹത്തിൻ്റെ ഭാര്യയെയും ഉൾപ്പെടുത്തി താങ്കൾ നടത്തിയ പരിഹാസം ഇരിക്കുന്ന പദവികൾക്ക് യോജിച്ചതല്ല.
താങ്കൾ ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാൽ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാൽ ശാസ്ത്രബോധം താങ്കൾക്കില്ല. ഉണ്ടായിരുന്നെങ്കിൽ ഒരേ സമയം മുഖ്യമന്ത്രിക്കു നേരെ പരിഹാസവും ലിംഗസമത്വത്തിനു നേരെ അജ്ഞതയും താങ്കൾ വിളമ്പുമായിരുന്നില്ല. സയൻസ് ആധുനികമായ ജീവിതബോധം കൂടിയാണ്. അതിനെയാണ് ശാസ്ത്ര ബോധം എന്ന് വിളിക്കുന്നത്. ശാസ്ത്ര ബോധത്തിനു നേരെ BJP നേതൃത്വവും കേന്ദ്ര സർക്കാരും നേരിട്ട് കടന്നാക്രമണങ്ങൾ നടത്തുന്ന ഘട്ടത്തിൽ താങ്കളും മറ്റൊരു തലത്തിൽ അതോടൊപ്പം ചേരുകയാണ്. സ്വന്തം അണികളുടെ ആരവത്തിൽ ആവേശഭരിതനായി സ്വയം ചെറുതാകരുത്.