എല്ലാവരും കൊതിക്കുന്ന സ്വർണ്ണ മെഡൽ പങ്ക് വെക്കപ്പെടുന്നതിന്റെ സന്തോഷത്തിന് സാക്ഷ്യം വഹിച്ച് ടോക്യോ ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദി.
പുരുഷന്മാരുടെ ഹൈജമ്പ് മത്സരത്തിലാണ് സാഹോദര്യത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത് .
2012-ലെ വെങ്കല മെഡല്‍ ജേതാവായ ഖത്തറിന്റെ മുതാസ് ബാര്‍ഷിമും ഇറ്റാലിയന്‍ താരം ഗ്യാന്‍മാര്‍ക്കോ താംബേരിയുമാണ് സ്വര്‍ണ മെഡലിനായി മത്സരിക്കുന്നത് ഇരുവരും 2.37 മീറ്റര്‍ ചാടി ഇഞ്ചോടിഞ്ച് പൊരുതി നില്‍ക്കുന്നു.
ഒഫീഷ്യല്‍സ് അടുത്ത ലക്ഷ്യമായി ക്രോസ്ബാര്‍ 2.39 മീറ്ററിലേക്ക് ഉയര്‍ത്തി. ഇരുതാരങ്ങള്‍ക്കു മൂന്നു ശ്രമങ്ങള്‍ വീതം. മൂന്നു ശ്രമത്തിലും ഈ ഉയരം മറികടക്കാന്‍ ഇരുവര്‍ക്കുമായില്ല. സ്വര്‍ണ ജേതാവിനെ കണ്ടെത്താന്‍ ഓരോ അവസരം കൂടി ഇരുവര്‍ക്കും നല്‍കാന്‍ ഒഫീഷ്യലുകള്‍ തീരുമാനിക്കുന്നു.
എന്നാല്‍ കാലിനു നേരിയ പരുക്കേറ്റതിനാല്‍ താംബേരി അവസാന ശ്രമത്തില്‍ നിന്നു പിന്മാറുകയാണെന്ന് അറിയിക്കുന്നു. ഇതു കേട്ടുനിന്ന ബാര്‍ഷിമിന് മുന്നില്‍ അസുലഭാവസരം. എതിരാളിയില്ലാതെ സ്വര്‍ണത്തിലേക്ക് ഒറ്റയ്ക്കു മുന്നേറാനുള്ള അവസരം.
എന്നാല്‍ ഒരുനിമിഷം താംബേരിയെ നോക്കിയ ശേഷം ബാര്‍ഷിം ഒഫീഷ്യലുകളോടു ചോദിച്ചു ”ഞാനും പിന്മാറിയാല്‍ ഈ സ്വര്‍ണം ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കുമായി തരാമോ?” ആദ്യം അമ്പരന്ന ഒഫീഷ്യലുകള്‍ നിയമാവലി പരിശോധിച്ച ശേഷം സ്വര്‍ണം പങ്കിടാനാകുമെന്ന് അറിയിക്കുന്നു. ”എങ്കില്‍ ഞാനും അവസാന ശ്രമത്തില്‍ നിന്നു പിന്മാറുകയാണ്” -എന്നാണ് ബാര്‍ഷിം മറുപടി നല്‍കിയത്.
താംബേരിക്ക് പരുക്കിനെത്തുടര്‍ന്ന് 2016-ലെ റിയോ ഒളിമ്പിക്‌സ് നഷ്ടമായിരുന്നു. തുടര്‍ന്ന് ഏറെ പ്രതീക്ഷകളോടെയാണ് ടോക്യോയില്‍ എത്തിയത്. ഏറെക്കാലമായി ഇറ്റാലിയന്‍ താരത്തിന്റെ അടുത്ത സുഹൃത്തായ ബാര്‍ഷിമിനും ഇക്കാര്യം അറിയാമായിരുന്നു. തന്നോടൊപ്പം ഇഞ്ചോടിഞ്ച് പൊരുതി നിന്ന താംബേരിക്ക് പരുക്കുമൂലം അവസാന അവസരം നഷ്ടമായപ്പോള്‍ അതില്‍ നിന്നു സ്വര്‍ണം സ്വന്തമാക്കാന്‍ ബാര്‍ഷിമിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് തയാറായില്ല.
ഇതു കേട്ട താംബേരിക്ക് ആഹ്‌ളാദമടക്കാനായില്ല. ഓടിയെത്തി ബാര്‍ഷിമിനെ ആ്ശളേഷിച്ച ശേഷം ഇറ്റാലിയന്‍ താരം ട്രാക്കില്‍ വൈകാരികമായ ആഹ്‌ളാദപ്രകടനമാണ് നടത്തിയത്. ബാര്‍ഷിമിനും വികാരം അടക്കാന്‍ കഴിഞ്ഞില്ല. ഓടി ഗ്യാലറിലേക്കു കയറി കോച്ചിനും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമൊപ്പം സന്തോഷം പങ്കിട്ടു. ഇരുവരുടെയും പാരസ്പര്യവും സാഹോദര്യവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും കണ്ടുനിന്ന ഗ്യാലറി ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഈ മുഹൂര്‍ത്തത്തെ ആദരിച്ചത്.
മതങ്ങളും വര്‍ണങ്ങളും രാജ്യാതിര്‍ത്തികളും മായ്ക്കുന്ന കായിക പാരമ്പര്യമാണ് ഇരുതാരങ്ങളും ഉയര്‍ത്തിപ്പിടിച്ചതെന്നാണ് കായികപ്രേമികള്‍ ഒന്നടങ്കം പറയുന്നത്.