കൊല്ലം പാരിപ്പള്ളിയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് മീന്‍ കച്ചവടം ചെയ്ത വൃദ്ധയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.ഇതുമായി ബന്ധപ്പെട്ടു തെറ്റായ പ്രചാരണമാണ് നടന്നതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാന്‍ പൊലീസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നേരത്തെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന് പൊലീസും പറഞ്ഞിരുന്നു. നിയന്ത്രണം ലംഘിച്ചു കച്ചവടം നടത്തിയപ്പോള്‍ ആളുകൂടുകയും തുടര്‍ന്നു പൊലീസ് നടപടിയെടുക്കുകയുമായിരുന്നു എന്നാണ്, ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൊലീസ് നല്‍കിയ വിശദീകരണം.
പാരിപ്പള്ളി പരവൂര്‍ റോഡില്‍ പാമ്പുറത്തു കഴിഞ്ഞ ദിവസമാണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ വില്‍ക്കാനുള്ള മീനാണ് പൊലീസ് നശിപ്പിച്ചത്. ഇവരുടെ മീന്‍കുട്ട വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് പൊലീസ് നടപടിക്കെതിരെ ഉയര്‍ന്നത്.വില്‍പനയ്ക്കായി പലകയുടെ തട്ടില്‍ വെച്ചിരുന്ന മീന്‍ തട്ടോടുകൂടി പൊലീസ് വലിച്ചെറിഞ്ഞെന്നാണ് ഇവര്‍ പറയുന്നത്.