റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 232 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ വിവിധയിടങ്ങള്‍ ലിന്റോ ജോസഫ് എം എല്‍ എയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘം സന്ദര്‍ശനം നടത്തി. അത്യാധുനിക സംവിധാനങ്ങളോടെയാണ് പ്രവൃത്തി നിര്‍വ്വഹിക്കുന്നത്. മൂന്നു റീച്ചുകളിലായാണ് പ്രവൃത്തി നടക്കുന്നത്. തിരുവമ്പാടി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഓമശ്ശേരി മുതല്‍ എരഞ്ഞിമാവ് വരെയുള്ള റീച്ചിന്റെ പ്രവൃത്തി ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് സന്ദര്‍ശനം നടത്തിയത്.സ്ഥലം ലഭ്യമായ ഇടങ്ങളില്‍ 15 മീറ്റര്‍ വരെ വീതിയില്‍ പ്രവൃത്തി നടക്കും. റോഡ് സേഫ്റ്റി സംവിധാനങ്ങള്‍, സിഗ്‌നല്‍ ലൈറ്റുകള്‍, മീഡിയന്‍, ഫുട്പാത്ത് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടെയാവും നിര്‍മ്മാണം. ഈ റീച്ചില്‍ നിരന്തരമായി അപകടങ്ങള്‍ ഉണ്ടാവുന്ന സ്ഥലങ്ങളാണ് കാപ്പുമല വളവ്, മുത്തേരി വളവ് എന്നിവിടങ്ങള്‍. വളവ് നിവര്‍ത്തുകയാണ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ശാശ്വത പരിഹാരം. അതിനാവശ്യമായ സ്ഥലം സൗജന്യമായി ലഭിക്കുന്ന മുറക്ക് ഈ പ്രവൃത്തിയില്‍ തന്നെ ഉള്‍പ്പെടുത്തി നിര്‍വ്വഹിക്കാനാവും. ഇതിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. സന്ദര്‍ശനത്തില്‍ എം എല്‍ എയോടൊപ്പം മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു, സി.എ പ്രദീപ്, നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍, പ്രൊജക്ട് മാനേജര്‍ തുടങ്ങിയവരുണ്ടായിരുന്നു.