പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ മുടി മുറിച്ചുകൊണ്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിലെ പി.എസ്.സി സമരപന്തലിലാണ് പ്രതിഷേധം.
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, അധ്യാപകര്‍, വനിതാ കോണ്‍സ്റ്റബിള്‍ തുടങ്ങി വിവിധ റാങ്ക് ഹോള്‍ഡേഴ്‌സാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. ഇവരുടെയൊക്കെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുകയാണ്. ഈ റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്.
പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇന്ന് ആവര്‍ത്തിച്ചിരുന്നു. ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.
വനികാ സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ അസോസിയേഷനാണ് ഏറ്റവും ആദ്യം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ഒരു വര്‍ഷമായിരുന്നു ഇവരുടെ കാലാവധി. 2020 ഓഗസ്റ്റ് നാലിനാണ് ഈ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. ഇതിന് ശേഷം കൊറോണ, ലോക്ക്ഡൗണ്‍ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ വന്നതോടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞു. തുടര്‍ന്ന് ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസം കൂടി നീട്ടി നല്‍കമണമെന്നായിരുന്നു ഇവരുടെ ആവശ്യം.
നിശ്ചിത കാലപരിധി വച്ച് മാത്രമേ കാലാവധി നീട്ടാന്‍ സാധിക്കൂ എന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. ഒരു വര്‍ഷമാണ് സാധാരണ ഗതിയില്‍ പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി. അസാധാരണ സാഹചര്യങ്ങളിലാണ് റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടാന്‍ പി എസ് സിക്ക് ശുപാര്‍ശ നല്‍കുന്നത്. കൊവിഡ് കാലത്ത് പി എസ് സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തടസം വന്നിട്ടില്ലന്ന് മുഖ്യമന്ത്രി പറയുന്നു. എല്ലാ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മുഴുവന്‍ ഒഴുവുകളിലും നിയമനം നടത്തുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.