മയക്കുമരുന്നിന്റെ ലഹരിയിൽ പുലർച്ചെ ട്രാഫിക് സിഗ്നലിന്‍റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്ത സംവിധായകൻ അറസ്റ്റിൽ. ലഹരിക്കെതിരെ സിനിമകള്‍ സംവിധാനം ചെയ്ത എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണു രാജിനെയാണ്(34) പൊലീസ് പിടികൂടിയത് . കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ്പി സന്തോഷും സംഘവും കൊച്ചിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ മടങ്ങുമ്പോഴാണ് സംഭവം. ഇയാളില്‍ നിന്ന് മയക്കുമരുന്നായ മെത്തലിന്‍ ഡയോക്‌സി ആഫിറ്റാമിന്‍ പിടികൂടി. വിഷ്ണുരാജിനെ കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
വണ്ടി ചിറങ്ങര ജംക്ഷനില്‍ എത്തിയപ്പോള്‍ സര്‍വീസ് റോഡില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. കാറിന്‍റെ മുന്നില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്. ട്രാഫിക് സിഗ്നലിന്‍റെ തൂണില്‍ പിടിച്ച് ഇടയ്ക്കു നൃത്തം ചെയ്യുന്നുമുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ അടുത്തെത്തി നോക്കിയപ്പോൾ കാറിനുള്ളില്‍ യുവതിയെ കണ്ടു.
മോഡലിങ് ആണ് ജോലിയെന്ന് പറഞ്ഞു. ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. സിഗ്നൽ തൂണിൽ നൃത്തം ചെയ്തിരുന്നത് കൊച്ചി സ്വദേശി വിഷ്ണുരാജായിരുന്നു. രണ്ടു ഹ്രസ്വചിത്രങ്ങള്‍ ലഹരിയ്ക്കെതിരെ സംവിധാനം ചെയ്തിട്ടുണ്ട് ഇയാൾ. ദേഹപരിശോധനയിൽ വസ്ത്രത്തിനുള്ളില്‍ നിന്ന് രണ്ടു ഗ്രാം എംഡിഎം എ ന്യൂജനറേഷന്‍ ലഹരി മരുന്ന് കണ്ടെത്തി.ഇയാള്‍ക്ക് എങ്ങനെയാണ് ലഹരി കിട്ടിയതെന്ന് പൊലീസ് അന്വേഷിക്കുന്നു.
ഇരിങ്ങാലക്കുടയിലെ കഥാകൃത്തിന്‍റെ വീട്ടിലേയ്ക്കായിരുന്നു ഇവരുടെ യാത്രയെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറിലായിരുന്നു ഇവരുടെ വരവ്. ലഹരിമരുന്ന് കണ്ടെത്തിയതോടെ വിഷ്ണുരാജിനെ കൊരട്ടി ഇന്‍സ്പെക്ടര്‍ ബി കെ അരുണും സംഘവും കസ്റ്റഡിയിലെടുത്തു. കാറും പിടിച്ചെടുത്തു. ദമ്പതികള്‍ക്ക് ലഹരി ഉപയോഗത്തില്‍ പങ്കില്ലാത്തതിനാല്‍ വിട്ടയച്ചു.