യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു.കേസില്‍ തെളിവുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നു ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ അതിജീവിത ആരോപിച്ചിട്ടുണ്ട്. പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന ആശങ്കയും അതിജീവിത അപ്പീലില്‍ വ്യക്തമാക്കി
വിദേശത്തിരുന്ന് വിജയ് ബാബു ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയുടെ നടപടി തെറ്റാണെന്ന് അപ്പീലില്‍ അതിജീവിത ആരോപിച്ചിട്ടുണ്ട്. ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ല. അന്വേഷണത്തില്‍ നിന്ന് ബോധപൂര്‍വം ഒളിച്ചോടാന്‍ വേണ്ടിയായിരുന്നു വിദേശത്തേക്ക് കടന്നത്. ഇക്കാര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് അതിജീവിതയുടെ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അന്വേഷണ ഉദ്യോസ്ഥരുടെ മുന്‍പാകെ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. നടനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും വിജയ് ബാബുവിനെ വിട്ടയച്ചു. 5 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. കർശന ഉപാധികളോടെ ഹൈക്കോടതിയാണ് വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത്. പിന്നീട് നടനുമായി പരാതിയിൽ പറയപ്പെടുന്ന ഹോട്ടലുകളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് യുവനടി സുപ്രീംകോടതിയെ സമീപിച്ചത്.

