സംസ്ഥാനത്ത് ലഭിക്കേണ്ട കാലവര്‍ഷത്തില്‍ ഇത്തവണ വലിയ കുറവെന്ന് റിപ്പോര്‍ട്ട്. ജൂണ്മാസത്തില് ലഭിക്കേണ്ട പതിവ് മഴയുടെ അളവില്‍ 36 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. ജൂണ്‍ ഒന്ന് മുതല്‍ 30 വരെ 36 ശതമാനവും ജൂലായ് 1 ലെ കണക്ക് കൂടി ചേര്‍ക്കുമ്പോള്‍ 39 ശതമാനം മഴയുടെയും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്താണ് എറ്റവും കുറവ് മഴ ലഭിച്ചത്. ജില്ലയില്‍ 55 ശതമാനമാണ് മഴയുടെ കുറവ്. പാലക്കാട് 50 ശതമാനവും കുറവും രേഖപ്പെടുത്തുന്നു.
നിലവിലെ കണക്കുകള്‍ പ്രകാരം കോട്ടയത്താണ് കൂടുതല്‍ മഴ ലഭിച്ചിട്ടുള്ളത്. ജില്ലയില്‍ 12 ശതമാനമാണ് കുറവുള്ളത്. ജൂലൈ മാസത്തിലും മഴയുടെ അളവില്‍ കുറവ് രേഖപ്പെടുത്തുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്. ജൂലൈയിലെ സാധാരണ ലഭിക്കേണ്ട് മഴയുടെ അളവിനേക്കാള്‍ കുറവായിരിക്കും ലഭിക്കുക എന്നാണ് ഐഎംഡി സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മധ്യ കേരളത്തില്‍ സാധാരണ മഴയേക്കാള്‍ കൂടുതല്‍ ലഭിച്ചേക്കും. തെക്കന്‍ കേരളത്തില്‍ സാധാരണ നിലയേക്കാള്‍ താഴെയും വടക്കന്‍ കേരളത്തില്‍ സാധാരണ നിലയിലും മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ അധിക മഴയ്ക്കും കനത്ത മഴയും രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ സമുദ്രത്തിലെ സമുദ്രോപരിതല താപനില (എസ്എസ്ടി) ഇന്ത്യന്‍ മണ്‍സൂണിനെ ശക്തമായ സ്വാധീനിക്കുന്നതാണ് മണ്‍സൂണിലെ വ്യതിയാനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ സമുദ്ര ഉപരിതലത്തിന്റെ പരിണാമം ഐഎംഡി ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ സംസ്ഥാനത്ത് ജൂലൈ 5 വരെ മഴ മുന്നറിയിപ്പ് ഇല്ല.

