മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഒരു കര്‍ഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അന്‍വറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. പ്രകടനമായി നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്. മൂന്ന് മുന്നണികളിലെയും അതൃപ്തരെയും മണ്ഡലത്തിലെ നിഷ്പക്ഷരായ സാധാരണ വോട്ടര്‍മാരെയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന സൂചനയായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പുള്ള പ്രതികരണത്തില്‍ അന്‍വര്‍ നല്‍കിയത്.
പുതിയ മുന്നണി രൂപീകരിക്കുന്നതായി പി വി അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്നാണ് പുതിയ മുന്നണിയുടെ പേരെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം.

