രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റാനൊരുങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി. കുതിര കച്ചവടത്തിനും ക്രോസ് വോട്ടിംഗിനുമുള്ള സാദ്ധ്യതകള്‍ മുന്നില്‍ കണ്ടാണ് എംഎല്‍എമാരെ ധൃതി പിടിച്ച് മാറ്റുന്നത്.
നിലവില്‍ ഭൂരിഭാഗം എംഎല്‍എമാരും ഉദയ്പൂരിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് ക്യാമ്പിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കുന്ന ഒരു രാജ്യസഭാ സീറ്റ് മുതിര്‍ന്ന നേതാവ് അജയ് മാക്കന് നല്‍കിയതില്‍ എം എല്‍ എ മാര്‍ അതൃപ്തരാണ്. ഇതോടെയാണ് സംസ്ഥാനത്ത് കുതിരകച്ചവടത്തിന് സാധ്യത തെളിഞ്ഞത്.
കോണ്‍ഗ്രസിലെ ചില അതൃപ്തരായ എംഎല്‍എമാര്‍ ക്രോസ് വോട്ടിംഗില്‍ ഏര്‍പ്പെടുമെന്നും അതുവഴി രാജ്യസഭാ സീറ്റ് ജയിക്കാനുള്ള സാദ്ധ്യത ഇല്ലാതാകുമെന്നുമുള്ള ആശങ്കയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. നാളെ ഛത്തീസ്ഗഢിലെ റിസോര്‍ട്ടിലേക്കായിരിക്കും ഇവരെ മാറ്റുക. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പ് ദിനമായ ജൂണ്‍ 10നാകും ഇവര്‍ മടങ്ങിയെത്തുക.