കാസർഗോഡ് ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടർന്ന് മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ചെറുവത്തൂരിലെ കൂള്‍ബാര്‍ സന്ദര്‍ശിച്ചു.ഐഡിയൽ കൂൾബാറിലേക്ക് ചിക്കൻ എത്തിച്ചു നൽകിയ ബദരിയ ചിക്കൻ സെന്റർ അധികൃതർ പൂട്ടിച്ചു.ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതർ. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.അതേസമയം, ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്ഥാപനത്തിന്റെ ഉടമയെ കൂടി പ്രതിചേര്‍ക്കുമെന്ന് പോലീസ് അറിയിച്ചു.വിദേശത്തുള്ള കൂള്‍ ബാര്‍ ഉടമയ്‌ക്കെതിരെയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.കേസില്‍ സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറായ അനക്‌സിനെയും ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാര്‍ട്ണറും പോലീസിന്റെ കസ്റ്റഡിയിലാണ്.അതേസമയം വിദ്യാര്‍ഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം. സംസ്ഥാനത്തെ ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ വി.ആര്‍. വിനോദ് നിര്‍ദേശം നല്‍കിയത്. ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ വൃത്തി, ഉപയോഗിക്കുന്ന മാംസം, മയണൈസ്, സ്ഥാപനത്തിന് ലൈസന്‍സുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക.
ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ: മൂന്ന് കുട്ടികൾ ഐസിയുവിൽ,സംസ്ഥാനത്തെ ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് നിര്‍ദേശം

