കുന്ദമംഗലം: റിയാസ് മൗലവി വധത്തിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധി ആർ.എസ്.എസുമായി നടത്തിയ ഒത്തുകളിയുടെ പരിണത ഫലമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന പറഞ്ഞു. വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല നടത്തിയവരും ഗൂഢാലോചകരും നിരപരാധികളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ, പ്രത്യേകിച്ച് കാസർകോട് ആർ.എസ്.എസു കാർ പ്രതികളായ കേസുകൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് ആദ്യമായിട്ടല്ല. റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയിട്ടും സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും മദ്യലഹരിയിൽ പ്രതികൾ ചെയ്തുപോയതാണെന്നും സ്ഥാപിക്കാൻ അന്നുതന്നെ അന്വേഷണ സംഘം ശ്രമിച്ചിരുന്നു. പ്രതികൾക്കനുകൂലമായ വിധി ഉണ്ടാകുന്നതിന് ഇതു പ്രധാന കാരണമായിട്ടുണ്ട്. കേരളത്തിലെ ആഭ്യന്തര വകുപ്പും ഇടത് സർക്കാറും ഈ വിധിക്ക് ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് ഉമർ കുന്നമംഗലം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അൻഷാദ് മണക്കടവ്, ജോ. സെക്രട്ടറി എം എ സുമയ്യ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സിറാജുദ്ദീൻ ഇബ്നു ഹംസ, മുസ്ലിഹ് പെരിങ്ങൊളം എന്നിവർ സംസാരിച്ചു. സെക്രട്ടറി റസാഖ് ചാത്തമംഗലം സ്വാഗതവും ട്രഷറർ ടി പി ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.