സൗദി അറേബ്യയിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും. നിരവധി ഡാമുകൾ തുറന്നുവിട്ടു. ഒഴുക്കിൽപ്പെട്ട വാഹനങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തി. ശനിയാഴ്ച തുടങ്ങിയ മഴക്കും വെള്ളപ്പാച്ചിലിനും തിങ്കളാഴ്ചയും ശമനം വന്നിട്ടില്ല. രാജ്യ തലസ്ഥാനമായ റിയാദിലും പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലും തെക്കൻ പ്രവിശ്യയായ അസീറിലും ശക്തമായ മഴയാണ് പെയ്യുന്നത്. തെക്കൻ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു. ഈ മേഖലയിലെ അൽബാഹ പ്രവിശ്യയിലാണ് ഏറ്റവും വലിയ കെടുതികളുണ്ടായിരിക്കുന്നത്. ഇവിടെ ബൽജുറഷിയിൽ ഒഴുക്കിൽപ്പെട്ട ഒരു വാഹനത്തിൽനിന്ന് അഞ്ച് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിലാണ് അഞ്ച് പേർ സഞ്ചരിച്ച വാഹനം മുങ്ങി ഒഴുകിയത്. ബൽജുറഷിയിലെ റെസ്ക്യു ടീം ഉടൻ സംഭവസ്ഥലത്ത് എത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയ അഞ്ചു പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നെന്ന് സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് അറിയിച്ചു. മേഖലയിൽ കനത്ത വെള്ളപ്പൊക്കത്തിൽ ഒരു വാഹനം ഒഴുകിപ്പോയതായും വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചതായും റിപ്പോർട്ടുണ്ട്.കുലംകുത്തി പായുന്ന വെള്ളത്തിൽ കാർ ഒഴുകിപ്പോകുന്ന വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. മുൻകരുതലെന്നോണം മഴയെ തുടർന്ന് അൽ ബാഹ, ഹസ്‌ന, ഖൽവ, അൽ അബ്‌നാഅ് പ്രദേശങ്ങളിലെ റോഡിലെ ചുരങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
സൗദി അറേബ്യയിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും; ശനിയാഴ്ച ആരംഭിച്ച മഴയ്ക്ക് ശമനമായിട്ടില്ല
