കോട്ടയം: വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മാരക സമ്മേളനത്തിൽ വൈക്കം എം എൽ എ യെ അധ്യക്ഷയാക്കാത്തതിനെച്ചൊല്ലി വിവാദം. വൈക്കം എം എൽ എയ്ക്ക് അവഗണന ഉണ്ടായതിൽ പ്രതിഷേധവുമായി സി പി ഐ നേതാവിന്റെ എഫ് ബി പോസ്റ്റ് പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. സി. പി. ഐ. നേതാവും എ. ഐ. വൈ. എഫ് മുൻ ജില്ലാ ഭാരവാഹിയുമായ പ്രശാന്ത് രാജന്റെ പോസ്റ്റാണ് ചർച്ചയായി മാറിയത്. സ്ഥലം എം. എൽ. എ ആയ സി. കെ. ആശയെ അധ്യക്ഷയാക്കാതെ മന്ത്രി വി.എൻ വാസവനെ അധ്യക്ഷനാക്കിയതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്.
പ്രശാന്ത് രാജന്റെ പോസ്റ്റ് ഇങ്ങനയാണ്,
വഴി നടത്താതെയും അമ്പലത്തിൽ പ്രവേശിപ്പിക്കാതെയും ദീർഘകാലം ആട്ടിയോടിക്കപ്പെട്ട ഒരു ജനതതിയെ പ്രതിനിധീകരിക്കുന്ന സംവരണ മണ്ഡലം കൂടിയാണ് വൈക്കം. ആ ജനതയ്ക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് നിമയം മൂലം സ്ഥാപിക്കപ്പെട്ടതാണ് വൈക്കം ഉൾപ്പെടെയുള്ള സംവരണ നിയോജക മണ്ഢലങ്ങൾ.
വൈക്കം സത്യഗ്രഹ സമരത്തിന്റെ നൂറാം വാർഷികം ആഘോഷ വേളയിൽ ഇന്ന് പത്രങ്ങളിൽ ഇടതു സർക്കാർ കൊടുത്തിരിക്കുന്ന പരസ്യത്തിൽ സ്ഥലം എം.എൽ.എ.യുടെ പേര് കണാത്തത് ഞെട്ടൽ ഉളവാക്കി. സത്യത്തിൽ അവരുടെ അദ്ധ്യക്ഷതയിൽ വേണ്ടിയിരുന്നില്ലേ ഈ സമ്മേളനം ചേരേണ്ടത് തന്നെ. ഏത് പ്രോട്ടോക്കോൾ പ്രകാരമാണ് ഈ പരസ്യം തയ്യാറാക്കിയത്. സ്ഥലം എം.എൽ.എ.യുടെ റോൾ എന്താണ് ?
ഗാന്ധിജിയെ പുറത്തിരുത്തിയ ഇണ്ടംതുരുത്തിമന കലാന്തരത്തിൽ വിലയ്ക്കുവാങ്ങിയ പാർട്ടിയുടെ പ്രതിനിധി കൂടിയാണ് സി.കെ. ആശ.എം എൽ എ .എന്ന് കൂടി ബന്ധപ്പെട്ടവർ ഓർക്കേണ്ടതുണ്ട്. ഞാൻ എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുകയാണ്.എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. അതേസമം വിവാദങ്ങളിൽ വിശദീകരണവുമായി സി കെ ആശ എംഎൽഎ രംഗത്തെത്തി.
വൻ വിജയമായി മാറിയ സമ്മേളനാനന്തരം ഏതോ ചില തെറ്റിദ്ധാരണകളുടെ ഫലമായി സമ്മേളന ചടങ്ങുകളിൽ നിന്നും എന്നെ മനപ്പൂർവ്വം അകറ്റിനിർത്തി എന്ന രീതിയിലുള്ള പ്രചരണവും അതിനെതിരെയെന്ന രീതിയിലുള്ള പ്രതികരണങ്ങളും ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വന്നത് ശ്രദ്ധയിൽപ്പെട്ടു. തികച്ചും അവാസ്തവമായ ഒരു സംഗതിയാണിതെന്നാണ് ആശ എംഎൽഎ പ്രതികരിച്ചത്.