നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ണാടകയില്‍ എംഎല്‍എമാരുടെയും നേതാക്കളുടെയും കൂടുമാറ്റം. ഒരാഴ്ചയ്ക്കിടെ എംഎല്‍എമാരടക്കം പത്തിലധികം നേതാക്കളാണു പാര്‍ട്ടി മാറിയത്. സീറ്റുറപ്പിക്കലും തിരഞ്ഞെടുപ്പിലെ വിജയ സാധ്യതയുമാണ് ചുവടുമാറ്റത്തിന്റെ കാരണംമെന്നാണ് റിപ്പോർട്ട്.
ഏറ്റവും കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസിലേക്കാണു മാറുന്നത്. ഓപ്പറേഷന്‍ താമര’യെന്ന ഓമനപ്പേരിട്ട് ജനപ്രതിനിധികളുടെ കുതിരക്കച്ചവടത്തിനു തുടക്കമിട്ട സംസ്ഥാനമാണു കര്‍ണാടക. ഫെബ്രുവരി 20നു ചിക്കമംഗളൂരുവിലെ ബിജെപി നേതാവ് ഡി.തിമ്മയ്യ, മുന്‍ എംഎല്‍എ കിരണ്‍കുമാര്‍, വൊക്കലിഗ നേതാവ് സന്ദേശ് നാഗരാജ്, ജെഡിഎസ് നേതാവും മുന്‍ എംഎല്‍എയുമായ എച്ച്.നിംഗപ്പ, ബിജെപി എംഎല്‍സി പുട്ടണ്ണ എന്നിവര്‍ കോണ്‍ഗ്രസിലെത്തിയതോടെയാണു നേതാക്കളുടെ ചാട്ടങ്ങള്‍ക്കു വേഗമായത്.
പിന്നാലെ, കലബുറഗിയില്‍ നിന്നുള്ള ബിജെപി എംഎല്‍സി ബാബുറാവുവും ചിഞ്ചൻസറും ജെഡിഎസ് എംഎല്‍എ എസ്.ആര്‍.ശ്രീനിവാസും കോണ്‍ഗ്രസിലെത്തി. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കിരണ്‍കുമാറും പുട്ടണ്ണയും സ്ഥാനം പിടിച്ചതോടെ അവസരമോഹികളുടെ ചാട്ടത്തിനു വേഗം കൂടി.