ചില്ലറത്തുട്ടുകൾ നിറച്ച കാശിക്കുടുക്ക സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകി ഹാദി മിഖ്ദാദ് എന്ന ആറുവയസ്സുകാരൻ ശ്രദ്ധേയനായി. മാവൂർ ഗവ. യു.പി സ്കൂളിലെ ഒന്നാം ക്ലാസുകാരൻ താൻ സ്വരൂപിച്ചുവെച്ച പണം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.ടി.എ റഹീമിന് കൈമാറിയാണ് ചർച്ചകളിൽ നിറഞ്ഞത്.
സ്ഥാനാർത്ഥിയെ നേരിൽ കാണണമെന്ന കുട്ടിയുടെ അതിയായ ആഗ്രഹം അറിഞ്ഞ പി.ടി.എ റഹീം മാവൂർ കൽപ്പള്ളിയിലെ വീട്ടിൽ നേരിട്ടെത്തിയപ്പോഴാണ് തൻ്റെ സമ്പാദ്യം ഹാദി മിഖ്ദാദ് അദ്ദേഹത്തെ ഏൽപ്പിച്ചത്.
ചെറുപ്രായത്തിൽതന്നെ ലോക വിവരങ്ങളും ആനുകാലിക രാഷ്ട്രീയവും വീക്ഷിക്കാനുള്ള മകൻ്റെ താല്പര്യം പ്രോത്സാഹിപ്പിക്കുന്നതിൽ രക്ഷിതാക്കൾ വൈമനസ്യം കാണിച്ചിരുന്നില്ല. മാവൂർ കൽപ്പള്ളിയിലെ ഉരുളാംകുഴിയിൽ സലാഹുദ്ദീൻ ഖൈറുന്നിസ ദമ്പതികളുടെ രണ്ടു കുട്ടികളിൽ ഇളയവനാണ് ഈ മിടുക്കൻ.
ഹാദി മിഖ്ദാദിനെപ്പോലുള്ള കൊച്ചുകുട്ടികൾ പോലും നൽകുന്ന പിന്തുണ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രചോദനമേകുന്നതായി പി.ടി.എ റഹീം പറഞ്ഞു.

