കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ വിദഗ്ധ സംഘം സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേതല്ലെന്ന് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തി. 2017ലായിരുന്നു മെഡിക്കല്‍ കോളേജില്‍ യുവതിയുടെ ശസ്ത്രക്രിയ നടന്നത്.അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. ആ പരിശോധനകളില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. അതിന് മുമ്പ് 2012ലും 2016ലും സിസേറേയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്. എന്നാല്‍ ആ കാലഘട്ടത്തിലൊന്നും ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക എവിടത്തെയാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തത്തിന്‍റെ സഹായവും തേടിയിരുന്നു.യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രണ്ട് സമിതിയെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ആദ്യ അന്വേണത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേയും സര്‍ജറി, ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം.കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേതാണെന്ന് ഉറപ്പുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഹര്‍ഷിന പറഞ്ഞു. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ഷിന മെഡിക്കല്‍ കോളേജിനു മുന്നില്‍ നിരാഹാര സമരം നടത്തുകയാണ്.