ആല്‍ബം താരവും വ്‌ളോഗറുംമായ റിഫ മെഹ്നുവിനെ(20) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തക്ക് താഴെ സദാചാര സൈബര്‍ വിദ്വേഷം.സാമൂഹ്യ മാധ്യമങ്ങളിലെ അനാവശ്യ ഇടപെടലാണ് റിഫയുടെ മരണത്തിന് കാരണമായതെന്ന തരത്തിലുള്ള ഹേറ്റ് കമന്റുകളാണ് ഇവരുടെ മരണ വാര്‍ത്തക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.യുട്യൂബിലും ഇൻസ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സുളള കോഴിക്കോട് സ്വദേശിനിയായ വ്ളോഗറാണ് റിഫ,ഇന്‍സ്റ്റയിലെ രാജ്ഞിമാരുടെ സ്ഥിരം പരിപാടിയാണിത്. ഇന്‍സ്റ്റയില്‍ തള്ളുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും പാഠമാണിത്. വളര്‍ത്തിയ മാതാപിതാക്കളെ ജയിലില്‍ ആക്കി, ആത്മഹത്യ ആയിരുന്നെങ്കില്‍ കേരളത്തില്‍ വന്ന് ചെയ്ത് കൂടായിരുന്നോ. ലൈക്ക് വര്‍ധനവ് കൊണ്ട് ജീവിതം സുന്ദരമാവില്ല,’ തുടങ്ങിയ വിദ്വേഷ കമന്റുകളാണ് വാര്‍ത്തക്ക് താഴെയുള്ളത്.വിഷയത്തില്‍ പ്രതികരണവുമായി ഡോ. ഷിംന അസീസും രംഗത്തെത്തി.
‘പെണ്ണായാല്‍ എന്ത് കോപ്രായം കാണിച്ചാലും സോഷ്യല്‍ മീഡിയയില്‍ റീച്ച് കിട്ടുമെന്നും ഇന്‍സ്റ്റയില്‍ തുള്ളുന്ന സകല മുസ്ലിം പെണ്ണുങ്ങള്‍ക്കും ഇതൊരു പാഠമാണെ’ന്നുമുള്ള കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു മലയാളി വ്ളോഗര്‍, ഇരുപത് വയസ്സുകാരി മുസ്ലിം പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു എന്ന വാര്‍ത്തക്ക് കീഴില്‍ വന്ന ചില കമന്റുകള്‍ ആണ് താഴെ കാണുന്നത്. കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത് !!
ശരിക്കും ഇവരുടെയൊക്കെ പ്രശ്നം എന്താണ്? ഒരു വേദിയില്‍ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായിൽ കമൻ്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?
എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം.
മനുഷ്യര്‍ എപ്പോ നന്നാവാനാണ് !!