കോട്ടയം: ബിഷപ്പുമാരെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാന് മാപ്പ് പറയണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. സജി ചെറിയാന്റെ പദപ്രയോഗം മന്ത്രിസ്ഥാനത്തിന് ചേര്‍ന്നതല്ല. മന്ത്രിസ്ഥാനത്തെ കളങ്കപ്പെടുത്തുന്ന പ്രസ്താവനയാണ് സജി ചെറിയാന് നടത്തിയതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
സാംസ്കാരിക വകുപ്പ് മന്ത്രി സംസ്കാരമില്ലാതെ പെരുമാറിയത് കേരള സമൂഹം പൊറുക്കില്ല. കേരള ജനത ഒറ്റക്കെട്ടായി ഇതിനെതിരെ നിലപാടെടുക്കും. നവകേരള സദസ്സില്‍ പിതാക്കന്മാര് പങ്കെടുത്തപ്പോള്‍ പ്രതിപക്ഷം പ്രതികരിച്ചില്ല. സമനില തെറ്റിയതുപോലുള്ള പ്രസ്താവനയാണ് സജി ചെറിയാന് നടത്തിയത്. മുഖ്യമന്ത്രി അപമാനിച്ചിട്ടുപോലും ജോസ് കെ മാണി വിഭാഗം ഒന്നും പറഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ ജോസ് വിഭാഗം പ്രതികരിക്കാന്‍ ബാധ്യസ്ഥരാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതിനെതിരെ സജി ചെറിയാന് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ബി.ജെ.പി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. അതിനിടെ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ദീപിക പത്രം എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചു.

