ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഡാംഗ്രി ഗ്രാമത്തിൽ ഇന്നും സ്‌ഫോടനം. ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപത്താണ് സ്‌ഫോടനം നടന്നതെന്ന് അധികൃതർ അറിയിച്ചു. സ്‌ഫോടനത്തിൽ ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. അതേസമയം ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നു. ഇന്നലെ മൂന്ന് പേരാണ് സംഭവത്തിൽ മരിച്ചത്. ഇന്നാണ് നാലാമത്തെയാളുടെ മരണം സ്ഥിരീകരിച്ചത്. ഇദ്ദേഹം പ്രദേശവാസിയാണ്. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.
‘ആദ്യത്തെ വെടിവയ്പ്പ് നടന്ന വീടിന് സമീപമാണ് വീണ്ടും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനത്തിൽ 5 പേർക്ക് പരിക്കേറ്റു. ഒരു കുട്ടി മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിലാണ്. മാധ്യമപ്രവർത്തകർ ജാഗ്രത പാലിക്കണം. ഡിവിഷണൽ കമ്മീഷ്ണറെ കൂടാതെ ഐജി സിആർപിഎഫും സ്ഥലത്തെത്തിയിട്ടുണ്ട്,’ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന രണ്ട് ഭീകരരെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ്് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി ഭീകരാക്രമണത്തിനെതിരെ വൻ പ്രതിഷേധമാണ് രജൗരിയിൽ നടക്കുന്നത്. പ്രതിഷേധക്കാരെ കാണാനെത്തിയ ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌നയ്ക്കും മർദ്ദനമേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ധാംഗ്രി മേഖലയിൽ വിവിധ സംഘടനകൾ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം സ്‌ഫോടനം നടന്നതെങ്ങനെയാണെന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.’ജില്ലാ ഭരണകൂടം പരാജയപ്പെട്ടു. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഇവിടെ വന്ന് ഞങ്ങളുടെ ആവശ്യങ്ങൾ കേൾക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യം,’ ഒരു പ്രദേശവാസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.