National News

അടുത്ത യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ പെട്രോള്‍ പമ്പുകളും മാളുകളും അടപ്പിക്കും, ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച്; പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍

കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ജനുവരി നാലിന് വിളിക്കുന്ന യോഗത്തില്‍ അനുകൂല തീരുമാനമല്ല ഉണ്ടാവുന്നതെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്ന് കര്‍ഷകര്‍. മൂന്ന് നിയമങ്ങളും പിന്‍വലിക്കുക, മിനിമം താങ്ങുവിലയില്‍ നിയമപരമായ സാധുത നല്‍കുക എന്നീ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

ആറാം ഘട്ട ചര്‍ച്ചയാണ് ജനുവരി നാലിന് നടക്കുന്നത്. ഇതിന് മുന്‍പ് നടന്ന യോഗങ്ങളിലെല്ലാം തന്നെ തങ്ങള്‍ ഉന്നയിച്ചതില്‍ വെറും അഞ്ച് ശതമാനം പ്രശ്നങ്ങളില്‍ മാത്രമെ ചര്‍ച്ച നടന്നിട്ടുള്ളൂവെന്നും കര്‍ഷകര്‍ പറയുന്നു.

‘ജനുവരി നാലിന് നടക്കുന്ന ചര്‍ച്ചയിലും തീരുമാനമായില്ലെങ്കില്‍ ഹരിയാനയിലെ പെട്രോള്‍ പമ്പുകളും മാളുകളും അടക്കുന്ന തിയതി ഞങ്ങള്‍ പ്രഖ്യാപിക്കും’, കര്‍ഷക നേതാവ് വികാസ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. അടുത്ത യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ജനുവരി ആറിന് ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിക്കാനും കര്‍ഷകര്‍ പദ്ധതിയിടുന്നുണ്ട്.

അതേസമയം, 36ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് കാര്‍ഷിക പ്രതിഷേധം. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 30ന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

എന്നാല്‍ നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നുമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകരും അറിയിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!