തൃശൂര്‍ : പുത്തൂർ സുവോളജിക്കൽ പാർക്ക് നവകേരള സദസിനായി അനുവദിച്ചതെന്തിനെന്ന് ഹൈക്കോടതി. പാർക്കിന്റെ മുഴുവൻ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതെന്ന് വ്യക്തമാക്കിയ കോടതി, പാർക്കിങ് ഗ്രൗണ്ടിലാണ് സദസിന് വേദിയൊരുക്കിയതെന്ന ഡയറക്ടറുടെ വാദം മുഖവിലക്കെടുത്തില്ല. പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. ശബ്ദ നിയന്ത്രണമുണ്ടെന്ന് പാർക്ക് ഡയറക്ടർ മറുപടി നൽകി. പുത്തൂർ സുവോളജിക്കൽ പാർക്കിൽ 24 പക്ഷികളും 2 കടുവയുമുണ്ട്. അതിനെ സംരക്ഷിത മേഖലയിലാണ് പാർപ്പിച്ചിരിക്കുന്നത്. പരിപാടി നടക്കുന്നത് പാർക്കിംഗ് ഏരിയയിലാണെന്നും പാർക്ക് ഡയറക്ടർ കീർത്തി ഐഎഫ്എസ് ഹൈക്കോടതിയെ അറിയിച്ചു. പാർക്കുമായി ബന്ധപ്പെട്ട രേഖകളും മാപ്പും കോടതി പരിശോധിച്ചു. തുടര്‍ന്ന് സുവോളജിക്കൽ പാർക്കിൽ നവകേരള സദസ് അനുവദിക്കാൻ ആകില്ലെന്ന് ഹൈക്കോടതി വാക്കാൽ പരാമര്‍ശിച്ചു. ഇതോടെ കോടതി അനുവദിക്കില്ലെങ്കിൽ പുത്തൂർ സുവോളജിക്കൽ പാർക്കിലെ നവ കേരള സദസ് വേദി മാറ്റാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹർജി 1.45 ന് വീണ്ടും പരിഗണിക്കും.