ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്‌കാരം ഡോ. എസ്.കെ വസന്തന്. നോവലിസ്റ്റും കഥാകൃത്തും ഉപന്യാസകാരനും ചരിത്രഗവേഷകനുമായ ഡോ. എസ്.കെ വസന്തൻ വിവിധ വിഷയങ്ങളിലായി അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും സമഗേഗസംഭാവനയ്ക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. കേരള സാംസ്‌കാരിക ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ, കാൽപ്പാടുകൾ തുടങ്ങി അമ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന കേരള സർക്കാറിന്റെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്. ഡോ. അനിൽ വള്ളത്തോൾ ചെയർമാനും ഡോ. ധർമരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി.സോമൻ, മെമ്പർ സെക്രട്ടറി സി.പി അബൂബക്കർ എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്.
എറണാകുളം ഇടപ്പള്ളിയിൽ കരുണാകര മേനോന്റെയും തത്തംപള്ളി സരസ്വതി അമ്മയുടെയും മകനായി 1935-ലാണ് ഡോ. എസ്.കെ വസന്തൻ ജനിച്ചത്. മലയാളത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും കേരള സർവകലാശാലയിൽ നിന്നും രുദാനന്തരബിരുദത്തിനുശേഷം ഡോക്ടറേറ്റ് നേടി. മുപ്പത്തിയഞ്ച് വർഷക്കാലം കാലടി ശ്രീശങ്കര കോളേജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലും അധ്യാപകനായി.
എന്റെ ഗ്രാമം, എന്റെ ജനത, അരക്കില്ലം എന്നീ നോവലുകൾ വളരെയധികം ശ്രദ്ധ നേടി.
എഴുത്തച്ഛൻ പുരസ്‌കാരം ഡോ. എസ്.കെ വസന്തന്

