Kerala News

കേരളീയത്തിന്റെ പേരിൽ നടക്കുന്നത് ധൂർത്ത്; വി ഡി സതീശൻ

കേരളീയത്തിന്റെ പേരിൽ നടക്കുന്നത് ധൂർത്താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മനഃസാക്ഷിയില്ലാതെയാണ് കോടിക്കണക്കിന് രൂപ ചെലവാക്കിക്കൊണ്ടിരിക്കുന്നതെന്നും സര്‍ക്കാര്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഭരണനേതൃത്വത്തിനും യാതൊരു പിടിയുമില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയിലാണ് കോടിക്കണക്കിന് കടബാധ്യതയാണ് ഓരോ വകുപ്പിനുമുള്ളത്. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും മാത്രം 40,000 കോടി രൂപയുടെ കടബാധ്യതയുണ്ട്. പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക കിട്ടാതെ ഒരുലക്ഷത്തോളം പെന്‍ഷന്‍കാര്‍ മരിച്ചു. സാമൂഹിക സുരക്ഷാപെന്‍ഷന്‍ മുടങ്ങി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിന് കൊടുക്കാന്‍ പണമില്ല.

പ്രധാനാധ്യാപകരായാല്‍ ഉച്ചഭക്ഷണത്തിന്റെ വലിയ കടബാധ്യതയുണ്ടാവുമെന്നതിനാല്‍ 500-ഓളം അധ്യാപകര്‍ പ്രമോഷന്‍ വേണ്ടെന്ന് എഴുതിക്കൊടുത്തു. മരുന്നു വാങ്ങിക്കാന്‍ പോലും ഇല്ലാതെ പെന്‍ഷന്‍കാര്‍ കഷ്ടപ്പെടുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും കൊടുത്തിട്ടില്ല. സപ്ലൈക്കോയില്‍ രണ്ടുമാസമായി ഇ- ടെന്‍ഡറില്‍ വിതരണക്കാര്‍ പങ്കെടുക്കുന്നില്ല. വിതരണക്കാര്‍ക്ക് കൊടുക്കാനുള്ളത് 1,500 കോടിയോളം രൂപയാണ്. ആറു മാസത്തെ കുടിശ്ശികയാണ്. നെല്ലുസംഭരിച്ചതിന്റെ പണം അഞ്ചുമാസമായി ഇനിയും കൊടുത്തുതീര്‍ക്കാന്‍ ഉണ്ട്. സപ്ലൈക്കോ 3000ത്തിലധികം കോടി രൂപയുടെ ബാധ്യതയിലാണ്. കെ.എസ്.ഇ.ബിയില്‍ അഴിമതിയാണ്. മൂന്നാമതും വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ പോവുകയാണ്. ഒമ്പതുലക്ഷം പേര്‍ ലൈഫ് മിഷന്റെ ലിസ്റ്റില്‍ വീടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറങ്കിലടയ്ക്കൂ എന്നാണ് സഹകരണത്തട്ടിപ്പില്‍ ഞങ്ങള്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ നേരെ വിപരീതമായാണ് ചെയ്തത്. കേരളത്തിലെ പോലീസ് ജീപ്പുകള്‍ക്ക് ഡീസലടിക്കണമെങ്കില്‍ 28 കോടി രൂപ കൊടുക്കണമെന്ന് ഡി.ജി.പി. മുഖ്യമന്ത്രിക്ക് കത്തുനല്‍കി. അപ്പോഴാണ് ഈ ധൂര്‍ത്ത്. ഇത്രയും ഭയാനകമായ ധനപ്രതിസന്ധി നിലനില്‍ക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും എന്തൊരു ധൂര്‍ത്താണ് നടത്തുന്നത്. എന്ത് കാര്യത്തിനാണ്. ഇതിനാണോ മുന്‍ഗണന’ അദ്ദേഹം ചോദിച്ചു.

ക്ഷേമ- വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളോടൊപ്പം ഞാനും എന്നാണ് മുഖ്യമന്ത്രിയുടെ ചിത്രത്തിനടയില്‍ കേരളീയത്തിന്റെ പരസ്യത്തിലുള്ളത്. 40 ലധികം സുരക്ഷാവാഹനങ്ങളുടെ അകമ്പടിയില്‍ ആയിരം പോലീസുകാരുടെ സുരക്ഷയില്‍ സഞ്ചരിക്കുന്ന അദ്ദേഹമെങ്ങനെയാണ് നമ്മളോടൊപ്പമാവുന്നത്? പാവങ്ങളോടും സാധാരണക്കാരോടുമൊപ്പമാവുന്നത്? ഫ്‌ളെക്‌സില്‍ എഴുതിവെക്കാന്‍ കൊള്ളാം. വന്ദേഭാരതില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ണൂര്‍ മുതല്‍ എറണാകുളം വരെ റെയില്‍വേ ട്രാക്കില്‍ പോലീസിനെ നിര്‍ത്തിയ മുഖ്യമന്ത്രിയാണ് കേരളത്തിന്റേത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍. ഭരണകെടുകാര്യസ്ഥത ഏറ്റവും വലിയ മുഖമുദ്രയാക്കിയ സര്‍ക്കാര്‍. ഈ രണ്ട് തൂവലുകളാണ് കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ അഴിമതിയുടെ പൊന്‍കിരീടത്തില്‍ അണിയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സംഘപരിവാര്‍ നേതൃത്വവും കേരളത്തിലെ സി.പി.എം. നേതൃത്വവും തമ്മിലുള്ള ധാരണയുടെ പുറത്താണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ കേസുകള്‍ എടുക്കാത്തത്. കെ. സുരേന്ദ്രന്‍ കാസര്‍കോട് കോടതിയില്‍ ചെന്നപ്പോള്‍ സംസ്ഥാനത്തിന്റെ പ്രോസിക്യൂട്ടര്‍ മിണ്ടാതെ നിന്നതും, കുഴല്‍പ്പണക്കേസില്‍ ആളുകളെ ഒഴിവാക്കി വിട്ടതും ഈ അന്തര്‍ധാരയുടെ ഭാഗമാണെന്നും അദ്ദേഹം വി.ഡി. സതീശന്‍ ആരോപിച്ചു.

കളമശ്ശേരി സ്‌ഫോടനത്തില്‍ നാടുകുട്ടിച്ചോറാവരുതെന്നും ഭിന്നിപ്പുണ്ടാവരുതെന്നും പ്രാര്‍ഥനയോടെയാണ് തങ്ങളിരുന്നത്. അതാണ് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് പറഞ്ഞത്. ഇത്രയും ഉത്തരവാദിത്തബോധത്തോടെ ഒരു പ്രതിപക്ഷവും കേരളത്തില്‍ പെരുമാറിയിട്ടില്ല. ഇതേ നിലപാടാണ് മിത്ത് വിവാദത്തിലും സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!