പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറിയേറ്റ് സർക്കാറിനോട് ആവശ്യപ്പെട്ടു.തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ഉത്തരവ് പ്രതികൂലമായി ബാധിക്കും. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാരെ ബാധിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.സംസ്ഥാനത്തെ തൊഴിലില്ലായ്‌മ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. സേവന വേദന വ്യവസ്ഥകൾ ഏകീകരിക്കുന്നതിൽ എതിർപ്പില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചത്. വിവിധ സ്ഥാപനങ്ങളിൽ 56, 58, 60 എന്നിങ്ങനെ വ്യത്യസ്തമാണ് പെൻഷൻ പ്രായം. ഒന്നരലക്ഷം പേർക്കാണ് ആനുകൂല്യം കിട്ടുക. 29 നാണ് ധനവകുപ്പ് ഉത്തരവിറങ്ങിയത്. ഈ മാസം വിരമിക്കേണ്ടവർക്ക് കൂടുതൽ സർവ്വീസ് ലഭിക്കും.സർക്കാർ ഉത്തരവ് പുറത്തു വന്നതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് എഐവൈഎഫും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ ഘട്ടങ്ങളിലൊന്നും തന്നെ പ്രതികരിക്കാൻ ഡിവൈഎഫ്‌ഐ തയ്യാറായിരുന്നില്ല. തുടർന്നുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്.ഒക്ടോബർ 30നാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ധനവകുപ്പ് ഉത്തരവിറക്കിയത്.
പെൻഷൻ പ്രായം 60;ഉത്തരവ് പിൻവലിക്കണം’ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡിവൈഎഫ്ഐ

