ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്ത് പോലീസ്.ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പങ്കെടുപ്പിച്ചുള്ള തെളിവെടുപ്പിലാണ് നിര്‍ണായക തെളിവ് കണ്ടെത്തിയത്.ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെളിവുകൾ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേർക്കുകയും ചെയ്തിരുന്നു.ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറാണ് കുപ്പി ഇവിടെ ഉപേക്ഷിച്ചത്. ചൊവ്വാഴ്ച നടന്ന തെളിവെടുപ്പില്‍ ഇയാള്‍തന്നെ പോലീസിന് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ചുനല്‍കുകയും ഇവിടെനിന്ന് പച്ച അടപ്പുള്ള വെളുത്തനിറത്തിലുള്ള കുപ്പി കണ്ടെടുക്കുകയുമായിരുന്നു.ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ. ഇരുവരും ചേർന്ന് വിഷം ചേർത്ത കഷായത്തിന്‍റെ കുപ്പി നശിപ്പിച്ചുവെന്നും കണ്ടെത്തി. ഷാരോണിന്‍റെ കൊലയിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.തെളിവെടുപ്പില്‍ കണ്ടെടുത്ത കുപ്പി രാസപരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുമായി ഇനി ഗ്രീഷ്മയുടെ വീട്ടില്‍ പോകുമെന്നും വീട് തുറന്നുള്ള പരിശോധന ഇന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രീഷ്മയുടെ സാന്നിധ്യത്തിലാകും വീട് തുറന്നുള്ള തെളിവെടുപ്പ് നടത്തുക.പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നത്
ഗ്രീഷ്മയുടെ അമ്മാവനുമായി തെളിവെടുപ്പ്; കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു

