ന്യൂഡൽഹി: കേരളപ്പിറവി ദിനം ആശ്വാസവർത്തയുമായാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ആശ്വാസം പകർന്നുകൊണ്ട് വാണിജ്യ എൽപിജിയുടെ വിലയാണ് സർക്കാർ കുറച്ചിരിക്കുന്നത്. എന്നാൽ ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ 115.50 രൂപയാണ് കുറച്ചത്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ജൂലൈ 6 മുതൽ ഇതുവരെ മാറ്റമില്ലാതെ തുടരുകയാണ്.
പുതിയ വിലവിവരമനുസരിച്ച് 19 കിലോഗ്രാം ഇൻഡേൻ എൽപിജി സിലിണ്ടറിന്റെ പുതുക്കിയ വില ഡൽഹിയിൽ 1744 രൂപയാണ്. ഇത് നേരത്തെ 1859.5 രൂപയായിരുന്നു. കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന്റെ വില ഇന്ന് മുതൽ 1846 രൂപയായി. നേരത്തെ ഇത് 1995.50 രൂപയായിരുന്നു. മുംബൈയിൽ നേരത്തെ 1844 രൂപയ്ക്കാണ് വാണിജ്യ സിലിണ്ടറുകൾ വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ വില കുറഞ്ഞ് 1696 രൂപയായിട്ടുണ്ട്. ചെന്നൈയിലും വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2009.50 രൂപയിൽ നിന്ന് 1893 രൂപയായി.
ഗാർഹിക സിലിണ്ടർ ഡൽഹിയിൽ 1053 രൂപയും കൊൽക്കത്തയിൽ 1079 രൂപയും ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ യഥാക്രമം 1068.5 രൂപ, 1052 രൂപയ്ക്കും ലഭ്യമാണ്.
എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ ഗ്യാസ് സിലിണ്ടറുകളുടെ വില പുതുക്കുന്നത്. ഹോട്ടലുകളിലും ഭക്ഷണശാലകളിലുമാണ് വാണിജ്യ സിലിണ്ടറുകൾ ഉപയോഗിക്കുന്നത്. വിലക്കുറവ് വ്യാപാരികൾക്ക് വലിയ ആശ്വാസമാകും. ഒക്ടോബർ ഒന്നിന് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 25.5 രൂപ കുറച്ചിരുന്നു.