കൊച്ചിയിൽ ഇന്ധന വിലവർധനക്ക് എതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തോട് പ്രതിപക്ഷ നേതാവ് വി . ഡി സതീശൻ പ്രതികരിച്ചു. . വഴി തടയൽ സമര രീതിയോട് താൻ എതിരാണെന്നും കൊച്ചിയിലെ പ്രതിഷേധ സമര സ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും വി. ഡി സതീശൻ അറിയിച്ചു.
”ദിവസേനെ ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ വില വർദ്ധനയ്ക്കെതിരെ ശക്തമായ സമരം വേണമെന്ന സമ്മർദ്ദം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന സമരം.” എന്നാൽ വഴി തടയൽ സമരത്തിന് താൻ വ്യക്തിപരമായി എതിരാണെന്നും സതീശൻ വിശദീകരിച്ചു.
കൊച്ചിയിൽ ഇന്ധന വില വർധനക്ക് എതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തിനെതിരെ നടൻ ജോജു ജോർജ്ജ് പ്രതികരിച്ചതോടെയാണ് വിവാദമായത്. രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചതോടെയാണ് ഗതാഗത കുറുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്തത്. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു.
ജോജുവിന് പിന്നാലെ സാധാരണക്കാരായ ജനങ്ങളും സമരത്തിനെതിരെ പ്രതികരിച്ചു. തുടർന്ന സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. യൂത്ത് കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇദ്ദേഹത്തിന്റെ റേഞ്ച് റോവർ വാഹനത്തിന്റെ പുറകിലെ ചില്ലും തകർത്തു. പ്രതിഷേധം കടുത്തതോടെ കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതാക്കൾ ഒരു മണിക്കൂർ സമരം നേരത്തെ അവസാനിപ്പിച്ചു.