കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒപ്പം നിർത്താൻ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നിരോധനം മുന്നിൽ കണ്ട് നിരോധനത്തിനെതിരെ സി പി എം ആദ്യം രംഗത്ത് വന്നത് പോപ്പുലർ ഫ്രണ്ടുകാരെ തങ്ങളുടെ പാളയത്ത് എത്തിക്കാനായിരുന്നു. നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് ഇപ്പോൾ മലക്കം മറിയുന്നത് തീവ്രവാദികളുടെ പിന്തുണ ഉറപ്പിക്കാനാണ്.
ആർ എസ് എസിനെയും നിരോധിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ വിലപിക്കുന്നതും പോപ്പുലർ ഫ്രണ്ട് കേഡർമാരെ ലക്ഷ്യം വെച്ചാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മത ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പാർട്ടികൾ കേരളത്തെ അപകടത്തിലാക്കുകയാണ്. നാല് വോട്ടിനുവേണ്ടി ഭീകര പ്രവർത്തകരെ കൂടെ നിർത്തുന്ന മതേതര പാർട്ടികൾ എന്ന് അവകാശപ്പെടുന്ന ഇത്തരക്കാർക്കെതിരെ കേരള ജനത ശക്തമായി പ്രതികരിക്കണം.
പോപ്പുലർ ഫ്രണ്ടിനെതിരെ മൃദുസമീപനമാണ് കേരള സർക്കാർ തുടരുന്നതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സിപിഎമ്മും പിണറായി വിജയനും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഐ എൻ എല്ലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. സിപിഎം മത ഭീകരവാദികളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നതിനെതിരെ ആ പാർട്ടിയിലെ മതനിരപേക്ഷ മനസുള്ളവർ പ്രതിഷേധിക്കണം.