മരംമുറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി. ശരിയായ ദിശയില്‍ അല്ല അന്വേഷണമെങ്കില്‍ ഹര്‍ജിക്കാരനടക്കം എത് പൗരനും കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി.ചാലിയും അടങ്ങുന്ന ബെഞ്ച് തള്ളിയത്. കേസ് ഡയറി പരിശോധിച്ച ശേഷമാണ് ഉത്തരവ്.
ക്രൈംബ്രാഞ്ച് എജിഡിപിയുടെ നേത്യത്തില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു ആരോപണം. പ്രകൃതി വിഭവങ്ങള്‍ നഷ്ടപ്പെട്ടതായി പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ തന്നെ സമ്മതിക്കുന്നുണ്ടെന്നും മരംമുറിക്ക് പിന്നില്‍ വ്യാപക ഗുഡാലോചന നടന്നതായും വലിയ തോതിലുള്ള തടി മോഷണം നടന്നതായും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും ഹര്‍ജി ഭാഗം ബോധിപ്പിച്ചു.
പട്ടയ ഭുമിയിലെ മരങ്ങളാണ് മുറിച്ചതെന്നും ഭൂരിഭാഗം പ്രതികളും കര്‍ഷകരാണന്നും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ഹര്‍ജി കോടതി തള്ളിയത്.