അഞ്ചാം തീയതി മുതല്‍ ട്രോളിംഗ് നിരോധനത്തിനു ശേഷം മത്സ്യബന്ധനം ആരംഭിക്കുന്നതിനാല്‍ ജില്ലക്ക് പുറത്തു നിന്നും എത്തുന്ന മത്സ്യബന്ധന തൊഴിലാളികള്‍ നിര്‍ബന്ധമായും കോവിഡ് ജാഗ്രതാ പോര്‍ട്ടലിലെ വിസിറ്റേര്‍സ് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് എടുക്കണമെന്ന് ഗതാഗത വകുപ്പ് എ.കെ ശശീന്ദ്രന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. പാസില്ലാതെ പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കോസ്റ്റല്‍ പൊലീസ്, ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശനമായി പരിശോധന നടത്തും.
സമ്പര്‍ക്ക രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. പൊതുസ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും വ്യാപാരസ്ഥാപനങ്ങളിലും മാളുകളിലും സന്ദര്‍ശനം നടത്തുന്ന വ്യക്തികളും കോവിഡ് ജാഗ്രത പോര്‍ട്ടലിലെ വിസിറ്റേര്‍സ് രജിസ്റ്ററില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. മാളുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ഹാളുകള്‍ എന്നിവര്‍ക്ക് ബന്ധപ്പെട്ട നിര്‍ദേശം നല്‍കും. ജില്ലയിലെ ആള്‍ക്കൂട്ട മേഖലകള്‍ നിരീക്ഷിക്കുന്നതിന് വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 118 സ്‌ക്വാഡുകളും പൊലീസിന്റെ നേതൃത്വത്തില്‍ 10 ക്വിക്ക് റെസ്പോണ്‍സ് ടീമും പ്രവര്‍ത്തിക്കുന്നുണ്ട്.
സ്വകാര്യ ലാബുകളുമായി സഹകരിച്ച് കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഇതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റുന്ന സാഹചര്യത്തില്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന ഒ.പി യൂണിറ്റുകള്‍ കാരപ്പറമ്പിലെ ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ബീച്ചാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൗകര്യമൊരുക്കും.
കോവിഡ് സര്‍വ്വീസിനായി 370 ആബുലന്‍സ് ഡ്രൈവർമാർ സ്വയം സന്നദ്ധരായി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട പരിശീലനം നല്‍കും. രോഗവ്യാപനം തടയുന്നതിനായി ക്ലസ്റ്ററുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കൂടുതല്‍ പരിശോധനകള്‍ നടത്തും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ചാത്തമംഗലം നീലിറ്റ് കാമ്പസില്‍ പ്രത്യേക എഫ്എല്‍ടിസി സജ്ജമാക്കും.
കലക്ടര്‍ സാംബശിവ റാവു ജില്ലയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ്ജ് റൂറല്‍ എസ്പി ഡോ. എ. ശ്രീനിവാസ്, സബ് കലക്ടര്‍ ജി പ്രിയങ്ക, ഡെപ്യൂട്ടി കലക്ടര്‍മാരായ ഷാമിന്‍ സെബാസ്റ്റ്യന്‍, ഇ. അനിത കുമാരി, സി. ബിജു, ടി. ജനില്‍കുമാര്‍ ഡിഎംഒ ഡോ ജയശ്രീ വി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.