മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ല. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയ 127 കുട്ടികളില്‍ നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറം കോഴിപ്പുറത്ത് വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഷിഗല്ല സ്ഥിരീകരിച്ചിരുന്നത്. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുന്നത്.
സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അധ്യാപകരുള്‍പ്പെടെ 127 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിരുന്നു. ഇതില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. കടുത്ത വയറുവേദനയും ഛര്‍ദിയുമാണ് രോഗലക്ഷണങ്ങള്‍. രോഗം സ്ഥിരീകരിച്ച കുട്ടികള്‍ വീട്ടില്‍ ചികിത്സയില്‍ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല. സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണങ്ങള്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം പടരാനിടയായ സാഹചര്യത്തില്‍ വ്യക്തത വരുകയുള്ളൂ. ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.