തന്നെ കൊല്ലാൻ പല തവണ സിപിഐഎം ശ്രമിച്ചിട്ടുണ്ടെന്നും താൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കെ സുധാകരനെ കൊല്ലാൻ സിപിഐഎം ആളെ വിട്ടിരുന്നുവെന്ന മുൻ ദേശാഭിമാനി ജീവനക്കാരൻ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജി ശക്തിധരൻ്റെ ആരോപണം ശരിയായിരിക്കാം. സിപിഐഎം തന്നെ അപായപ്പെടുത്താൻ ആളെ അയച്ചിട്ടുണ്ടാകാം. ഈ വെളിപ്പെടുത്തലിൽ പൊലീസ് കേസെടുക്കുമെന്ന് കരുതുന്നില്ല. ഇത് പുറത്തു പറഞ്ഞതിന് ജി ശക്തിധരനോട് ഫോണിൽ വിളിച്ച് നന്ദി പറയണമെന്നാണ് ആഗ്രഹമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കൊല്ലാനയച്ചവരിൽ ഒരാൾ വിവരം ചോർത്തിയതിനാലാണ് സുധാകരൻ രക്ഷപ്പെട്ടതെന്നായിരുന്നു ജി ശക്തിധരൻ പറഞ്ഞത്. കെ. സുധാകരൻ കൊല്ലപ്പെടേണ്ടവൻ തന്നെയാണ് എന്ന ചിന്ത കമ്മ്യൂണിസ്റ്റുകാരുടെ ബോധതലത്തിൽ സൃഷിച്ചെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു നേതാവ് കുടുംബസമേതം നെതർലൻഡ്സ് സന്ദർശിച്ചപ്പോൾ കൂലിപ്പടയെ വാടകയ്ക്ക് എടുത്തിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യൻ കറൻസി അന്ന് ഒഴുക്കിയെന്നും ശക്തിധരൻ വെളിപ്പെടുത്തിയിരുന്നു.
ജി. ശക്തീധരന്റെ കൈതോലപ്പായ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രി പിണറായിയിലേക്കും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനിലേക്കുമാണെന്ന് കോൺഗ്രസ് എം.പി ബെന്നി ബഹനാൻ ആരോപിച്ചു. ജി. ശക്തീധരൻ താമസിച്ചിരുന്ന കലൂരിലെ മുറിയിൽ ഉന്നത മാർക്സിസ്റ്റ് പാർട്ടി നേതാവ് വന്ന് 2കോടി 35 ലക്ഷം രൂപ എണ്ണിതിട്ടപ്പെട്ടുത്തിയെന്നാണ് വെളിപ്പെടുത്തൽ. ഈ പണം പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനായി കൈതോലപ്പായ വാങ്ങാൻ പോയ കൂട്ടത്തിൽ താനുമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ആത്മബന്ധമുണ്ടായിരുന്ന മുൻ ദേശാഭിമാനി ജീവനക്കാരനാണെന്നത് ഗൗരവമുള്ള വിഷയമാണ്. ഇതിൽ കൃത്യമായ അന്വേഷണത്തിന് സർക്കാർ തയ്യാറാവാത്തതിനാൽ ശക്തീധരൻ ഉന്നം വെച്ചിരിക്കുന്ന ആളുകളുടെ പേരുകൾ പൊതു മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്.
ജി. ശക്തീധരന്റെ ആരോപണം അനുസരിച്ച്, തിരുവനന്തപുരത്ത് നിന്ന് ടൈം സ്ക്വയറിൽ പോയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് പിണറായി വിജയനാണ്. ഇതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. രാഷ്ട്രീയ എതിരാളികളാൽ ആക്രമിക്കപ്പെട്ട് ചികിത്സ തേടിയ വ്യക്തിയെന്ന് വെളിപ്പെടുത്തുന്നത് ഇ.പി ജയരാജനെയാണെന്ന് സമൂഹം സംശയിക്കുന്നു. ആരോപണം ഉന്നയിക്കപ്പെടുന്ന ലെജന്ററി ലീഡറുടെ ചേട്ടന്റെ മകൻ കെ. വേണുഗോപാലാണ്. ആരോപണങ്ങൾ തെറ്റാണെങ്കിൽ ജി. ശക്തീധരനെതിരെ നയപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും ബന്നി ബഹനാൻ പറഞ്ഞു.