മഹാനായ എ കെ ജിയും അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാർട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നു മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാത നാട്ടിലെ സമാധാനം സംരക്ഷിക്കാൻ ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും മുഖ്യ മന്ത്രി അറിയിച്ചു.
എ.കെ.ജി. സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് ഇതിന്റെ ഭാഗമായി കുന്നുകുഴി ഭാഗത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍നിന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.ഇന്നലെ രാത്രി 11.25 ഓടെ കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. എ.കെ.ജി. സെന്ററിന്റെ മുഖ്യകവാടത്തിനു സമീപമുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലൂടെയാണ് സ്‌ഫോടകവസ്തു അകത്തേക്കെറിഞ്ഞത്. ഇരുചക്ര വാഹനത്തിലെത്തിയയാള്‍ ആദ്യം പരിസരമെല്ലാം നോക്കിയ ശേഷം കൈയില്‍ കരുതിയിരുന്ന സ്ഫോടകവസ്തു മതിലിന്റെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു. പുക ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഇയാള്‍ വേഗം വണ്ടിയോടിച്ച് കുന്നുകുഴി ഭാഗത്തേക്ക് തിരിച്ചുപോകുകയായിരുന്നു.
എ.കെ.ജി. സെന്ററിന്റെ മുഖ്യകവാടത്തില്‍ പോലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പോലീസ് ഉണ്ടായിരുന്നില്ല. ശബ്ദംകേട്ടാണ് പോലീസ് ഓടിയെത്തിയത്. ഉഗ്രശബ്ദത്തോടെയാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഹാളിന്റെ കരിങ്കല്‍ഭിത്തിയില്‍ സ്‌ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി.