
കോഴിക്കോട് : കേരളത്തിൽ അറിയപ്പെടുന്ന അന്ധനായ തെരുവ് ഗായകൻ കുഞ്ഞാവയുടെ മകളുടെ പ്ലസ് വൺ ചിലവ് ഏറ്റെടുത്ത് സ്പൂൺ മി ടേസ്റ്റി കിച്ചൺ. കഴിഞ്ഞ ദിവസം ദുരിത ജീവിതത്തിലും പഠിച്ച് എസ് എസ് എൽ സി പാസ്സായ കുഞ്ഞാവയുടെ മകൾ ഫാത്തിമ റിയാനയുടെ വാർത്ത കുന്ദമംഗലം ന്യൂസ് ഡോട് കോം നൽകിയിരുന്നു. ഇതേ തുടർന്നാണ് സ്പൂൺ മി ടേസ്റ്റി കിച്ചൺ പ്ലസ് വൺ ചിലവ് ഏറ്റെടുത്തത്.
ഫാത്തിമ റിയാനയ്‌ക്കൊപ്പം കുന്ദമംഗലം പ്രദേശത്തായി എസ് എസ് എൽ സി വിജയിച്ച മറ്റു 9 കുട്ടികളുടെയും പഠനം സ്ഥാപനം ഏറ്റെടുത്തതായി സ്പൂൺ മി ടേസ്റ്റി കിച്ചൺ മാനേജിങ് ഡയറക്ടർ മുഹസിൻ ഭൂപതി അറിയിച്ചു. കുഞ്ഞാവയുടെ വീട്ടിലെത്തി മകൾ ഫാത്തിമ റിയാനയ്ക്ക് സ്നേഹോപഹാരം നൽകുന്ന സന്ദർഭത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ വിശപ്പ് രഹിത കുന്ദമംഗലം എന്ന പേരിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന അയ്യായിരത്തോളം പേർക്ക് സൗജന്യ ഭക്ഷണം നൽകാൻ സ്പൂൺ മി ടേസ്റ്റി കിച്ചണിന് സാധിച്ചിട്ടുണ്ട്. ഇനിയും അത് തുടർന്ന് മുൻപോട്ട് കൊണ്ട് പോകുമെന്നും കുന്ദമംഗലം ന്യൂസ് ഡോട് കോമിനോടായി മുഹസിൻ ഭൂപതി അറിയിച്ചു
ഇന്നലെ കുഞ്ഞാവയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ നൗഷാദ് തെക്കയിൽ, അഷറഫ് കായക്കൽ, ഷിഹാബ് പാലക്കൽ എന്നിവർ പങ്കെടുത്തു.

