മെയ് മാസത്തില്‍ രാജ്യത്തെ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി കടന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതിനെക്കാള്‍ 44 ശതമാനം വളര്‍ച്ചയാണ് ജിഎസ്ടി വരുമാനത്തില്‍ ഇക്കുറി ഉണ്ടായത്. 2021 മെയ് മാസത്തില്‍ 97821 കോടി രൂപയായിരുന്നു വരുമാനം.
ഇത്തവണ 1,40,885 കോടി രൂപ ചരക്ക് സേവന നികുതിയിനത്തില്‍ ലഭിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇപ്രാവശ്യത്തെ വരുമാനത്തില്‍ 25036 കോടി രൂപ സിജിഎസ്ടിയാണ്. 32001 കോടി രൂപ എസ്ജിഎസ്ടിയുമാണ്. സംയോജിത ജിഎസ്ടിയാണ് 73,345 കോടി രൂപ. 37469 കോടി രൂപ ചരക്ക് ഇറക്കുമതിയിലൂടെ കിട്ടിയതാണ്. സെസ് ഇനത്തില്‍ 10502 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 931 കോടി രൂപ ഇറക്കുമതിയിലൂടെ കിട്ടിയതാണ്.
സംസ്ഥാനങ്ങള്‍ക്ക് 86912 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. കേരളത്തിന് ഇതില്‍ 5693 കോടി രൂപ ലഭിക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായി ഉയര്‍ന്നു. 2020 – 21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2. 1 ശതമാനത്തിന്റെ വര്‍ധനയാണ് 2021 – 22 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ 8.9 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിന് തൊട്ടടുത്തെത്താനേ കഴിഞ്ഞുള്ളൂ. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 4.1 ശതമാനം വളര്‍ച്ച മാത്രമാണ് ജിഡിപിയില്‍ രേഖപ്പെടുത്തിയത്. ഇതാണ് പ്രതീക്ഷിച്ച വളര്‍ച്ചയിലേക്ക് എത്താതിരിക്കാന്‍ കാരണം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ) 5.4 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. രണ്ടാംപാദത്തില്‍ (ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ) 8.5 ശതമാനം ജിഡിപി വളര്‍ച്ച കൈവരിച്ചിരുന്നു. 2021 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള ആദ്യ പാദത്തില്‍ 20.3 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കാനായതാണ് ഇപ്പോഴത്തെ നിലയിലേക്ക് ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളില്‍ മുന്നിലെത്താന്‍ ഇന്ത്യക്ക് കരുത്തായത്.
ആദ്യ മൂന്ന് പാദങ്ങളിലെ മെച്ചപ്പെട്ട വളര്‍ച്ചയോടെ മുന്നിലെത്താനായത് ഇന്ത്യക്ക് പ്രതീക്ഷയാണ്. 2022 -23 സാമ്പത്തിക വര്‍ഷത്തിലും രാജ്യം മികച്ച സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.