കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. വി.കെ. സജീവൻ്റെ രണ്ടാം ഘട്ട പ്രചാരണ പര്യടനത്തിന് ചാത്തമംഗലം പഞ്ചായത്തിൽ ഉജ്ജ്വല തുടക്കം. വാഹന പ്രചരണ ജാഥ ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി. ശ്രീശൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് – യു.ഡി.എഫ് മുന്നണികളുടെ അഴിമതി ഭരണത്തിനെതിരെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനെതിരെയും ശക്തമായ ജനവികാരം മണ്ഡലത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വർണ്ണം കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങളും, ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള വർഗീയ ശക്തികളുമായി മുന്നണികൾ നടത്തുന്ന രാഷ്ട്രീയ ഒത്തുതീർപ്പുകളും കേരളത്തിൻ്റെ സംസ്കാരത്തിന് ഭീഷണിയാണെന്ന് ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ദേശീയപാതാ വികസനം, ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷുറൻസ്, സൗജന്യ റേഷൻ പദ്ധതികൾ തുടങ്ങിയവ സാധാരണക്കാരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി അഡ്വ. വി.കെ. സജീവൻ്റെ ജനകീയതയും മോദി സർക്കാരിൻ്റെ വികസന പദ്ധതികളും കുന്ദമംഗലത്ത് എൻ.ഡി.എയ്ക്ക് വലിയ മുന്നേറ്റം നൽകും. വൈകിട്ട് അഞ്ചുമണിയോടെ ആരംഭിച്ച വാഹന പ്രചരണ ജാഥയ്ക്ക് ചാത്തമംഗലം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിരവധി ആളുകൾ ചേർന്ന് ആവേശകരമായ സ്വീകരണമാണ് നൽകിയത്.
കാഞ്ഞിരത്തിങ്കൽ നിന്ന് ആരംഭിച്ച് കമ്പനിമുക്ക്, വെള്ളന്നൂർ, വെള്ളിളശ്ശേരി, ചൂലൂർ വഴി കട്ടാങ്ങലിൽ സമാപിച്ച വാഹന പ്രചരണ ജാഥ മണ്ഡലത്തിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും യുവാക്കളും ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം ശ്രദ്ധേയമായി. രാവിലെ 10 മണിക്ക് ആനപ്പാറയിൽ നിന്നായിരുന്നു തിങ്കളാഴ്ചത്തെ സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. തുടർന്ന് ചേലൂർ തടായി പ്രദേശം, എടവലത്ത്, കുറുമണ്ണിൽ, രാജീവ് ഗാന്ധി കോളനി എന്നിവിടങ്ങളിലെ ഭവന സമ്പർക്കത്തോടെ മുന്നേറി. വോട്ടർമാരെ നേരിൽ കണ്ട് കേന്ദ്ര സർക്കാരിൻ്റെ വികസന നേട്ടങ്ങൾ വിശദീകരിച്ച സ്ഥാനാർത്ഥി, മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ജനപിന്തുണ അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് കാരന്തൂർ ഹര ഹര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം പന്തീരങ്കാവ് യു.പി സ്കൂൾ സന്ദർശിച്ച സ്ഥാനാർത്ഥി അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ ടി.പി. സുരേഷ്, തളത്തിൽ ചക്രായുധൻ, മേഖല വൈസ് പ്രസിഡന്റ് കെ. നിത്യാനന്ദൻ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. ഉമേഷ് ബാബു, കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് സുധീർ കുന്ദമംഗലം, ഒളവണ്ണ മണ്ഡലം പ്രസിഡന്റ് രാകേഷ് പി.ആർ. തുടങ്ങി പ്രമുഖ നേതാക്കൾ പര്യടനത്തിന് നേതൃത്വം നൽകി.

