കൊച്ചി: ബ്രഹ്മപുരം തീപ്പിടുത്തത്തിൽ അട്ടിമറിയില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ചൂട് കൂടിയപ്പോൾ പ്ലാസ്റ്റിക് കത്തിയാതാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് റിപ്പോർട്ട് പോലീസിന് കൈമാറി. അതേസമയം ബ്രഹ്മപുരം തീപ്പിടുത്തത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരുന്നതിന്റെ താഴ്ഭാഗത്ത് നിന്നാണ് തീപ്പടർന്നത്. ചൂട് കൂടിയപ്പോൾ പ്ലാസ്റ്റിക് കത്തിയാതാകാമെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ബ്രഹ്മപുരത്ത് നിരവധി തവണ ചെറുതും വലുതുമായ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ സ്വാഭാവിക തീപിടുത്തമാണ് ഇത്തവണയും ഉണ്ടായത്. മാലിന്യകൂമ്പാരത്തിന് അടിത്തട്ടിൽ മീഥേൻ ഗ്യാസ് രൂപപ്പെടുകയും തുടർന്നുണ്ടായ ചൂട് മൂലം തീപിടുത്തമുണ്ടായി എന്നാണ് നിഗമനം.
അതേസമയം ബ്രഹ്മപുരത്തെ മാലിന്യത്തിൽ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. എന്നാൽ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തീ കത്തിച്ചതിന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.തീ പിടിക്കുന്ന സമയത്ത് പ്ലാന്റിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരേയും നേരത്തേ പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ നിന്നും തീ കത്തിച്ചതായുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.