കാപികോ റിസോര്‍ട്ടിലെ 54 കോട്ടേജുകളില്‍ 34 എണ്ണം പൂര്‍ണ്ണമായും പൊളിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മാർച്ച് 25 നകം ബാക്കിയുള്ള 20 എണ്ണം കൂടി പൊളിച്ച് നീക്കുമെന്നും സംസ്ഥാനം സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.അവധി ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിസോര്‍ട്ട് പൊളിക്കല്‍ നടക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.8081 ചതുരശ്ര മീറ്റര്‍ നിര്‍മ്മാണമാണ് പൊളിക്കുന്നത്. പൊളിച്ച അവശിഷ്ടങ്ങള്‍ ദ്വീപില്‍ നിന്ന് മാറ്റുന്ന നടപടി മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കുമെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് പൊളിക്കൽ തുടരുന്നത്.റിസോര്‍ട്ടിന്റെ പ്രധാന കെട്ടിടം സമയബന്ധിതമായി പൊളിക്കാന്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സമീപത്തെ ജലാശയങ്ങളെ മലിനമാക്കാത്ത രീതിയിലാണ് പൊളിക്കല്‍ നടക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.