മ്യാന്മര് നേതാവ് ആങ് സാന്‍ സൂചിയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ അറസ്റ്റില്‍. സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ തടവിലാണ്.
നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ വക്താവാണ് ആങ് സാന്‍ സൂചിയും നേതാക്കളും തടവിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍ക്കാരും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് അറസ്റ്റ്.
മ്യാന്‍മറിലെ ഔദ്യോഗിക റേഡിയോ സംപ്രേക്ഷണം നിര്‍ത്തിവെച്ചു.സംപ്രേഷണത്തിന് തടസ്സങ്ങളുണ്ട് എന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചുകൊണ്ടാണ് ചാനല്‍ സംപ്രേഷണം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സുചി വിജയമുറപ്പിച്ചതിന് പിന്നാലെയാണ് അസാധാരണ നടപടിയുമായി പട്ടാളം വീണ്ടും രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് പട്ടാളം ആരോപിക്കുന്നത്.
നീണ്ട പട്ടാളഭരണത്തിനുശേഷം 2008 ലാണ് മ്യാന്മര്‍ ജനാധിപത്യത്തിലേക്ക് ചുവടുവെച്ചിരുന്നത്. മ്യാന്മര്‍ സര്‍ക്കാരും മിലിറ്ററിയും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷം ഈ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വല്ലാതെ കടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂചിയുടെ അറസ്റ്റിന് മിനിട്ടുകള്‍ക്കുശേഷം തന്നെ സൂചിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മ്യാന്മര്‍ തെരുവുകളില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.