വെ ട്രിമാരൻ സംവിധാനം ചെയ്ത ആടുകളം നിർബന്ധമായും കണ്ടിരിക്കേണ്ട ഇന്ത്യൻ സിനിമകളിലൊന്നാണെന്ന് എസ് എസ് രാജമൗലി. ഓസ്കാർ ക്യാംപെയ്ൻ ഭാഗമായി ‘ആർആർആറിന്റെ പ്രമോഷന് വേണ്ടി ഒരു അമേരിക്കൻ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ എല്ലാ പ്രേക്ഷർക്കും കാണാൻ പറ്റിയ മികച്ച ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് ചോദിച്ചപ്പോളാണ് രാജ മൗലി ആടുകളം എന്ന് പറഞ്ഞത്.
‘ആടുകളം എന്ന ഞങ്ങളുടെ സിനിമ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ രാജമൗലി പരാമർശിച്ചതിൽ ഒരുപാട് സന്തോഷം’, നന്ദി പറഞ്ഞുകൊണ്ട് സിനിമയുടെ അണിയറ പ്രവർത്തകർ ട്വിറ്ററിൽ കുറിച്ചു.
ധനുഷും തപ്‌സി പന്നുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 2011ൽ പുറത്തിറങ്ങിയ ‘ആടുകളം’. തമിഴ് നാട്ടിലെ ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായ ആടുകളം മികച്ച നടൻ, മികച്ച തിരക്കഥ, മികച്ച എഡിറ്റിംഗ്, മികച്ച നൃത്തസംവിധാനം എന്നിവയ്ക്കുള്ള ആ വർഷത്തെ ദേശീയ പുരസ്കാരങ്ങളും നേടി.