ആദ്യമായി മകളുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര.മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. 2022 ജനുവരിയിലാണ് പ്രിയങ്ക വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്.മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആണ് താരം ഇതുവരെയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്‍റെയും അദ്ദേഹത്തിന്‍റെ സഹോദരന്മാരുടെയും മ്യൂസിക് ബാന്‍റായ ജൊനസ് ബ്രദേഴ്സിന്‍റെ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയതാണ് പ്രിയങ്ക.നിക്കിന്റെ സഹോദരങ്ങളായ കെവിന്റേയും ജോയുടേയും ഭാര്യമാരായ ഡാനിയേല ജൊനാസും സോഫി ടേണറും പരിപാടിക്കെത്തിയിരുന്നു.
അടുത്തിടെ വോഗിന് നല്‍കിയ അഭിമുഖത്തില്‍ മകളെ കുറിച്ച് പ്രിയങ്ക മനസ് തുറന്നിരുന്നു. മാസം പൂര്‍ത്തിയാകാതെ ജനിച്ച മാല്‍തി മൂന്നു മാസത്തോളം എന്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നെന്നും മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നു പോലും ആശങ്കപ്പെട്ടിരുന്നുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ടായിരുന്നു. ആദ്യമായാണ് താരം മാല്‍തിക്കൊപ്പം ഒരു മാഗസിനുവേണ്ടി പോസ് ചെയ്യുന്നത്. ഇതിലും മാല്‍തിയുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങളാണുള്ളത്.